കൊച്ചി– ഓണ്‍ലൈനിലൂടെ 46 ലക്ഷം തട്ടിയെടുത്ത കേസിൽ സിനിമ മേഖലയിലെ രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ശ്രീദേവ്(35) കണ്ണൂര്‍ സ്വദേശി മുഹമ്മദ് റാഫി(37) എന്നിവരാണ് പിടിയിലായത്. ശ്രീദേവ് സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറും റാഫി കോസ്റ്റ്യൂം ഡിസൈനറുമാണ്.
2025 ജനുവരി-ഫെബ്രുവരി കാലഘട്ടത്തിൽ മട്ടാഞ്ചേരി സ്വദേശിയായ യുവാവിന് വാട്സപ്പ് വഴി ലിങ്ക് അയക്കുകയും, ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവ് കെട്ടിടങ്ങള്‍ക്ക് ഓണ്‍ലൈന്‍ റേറ്റിംഗ് നല്‍കി വരുമാനം നേടാമെന്ന വാഗ്ദാനത്തില്‍ വീഴുകയായിരുന്നു. പിന്നീട് യുവാവിനെ കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് പല തവണകളായി 46 ലക്ഷം രൂപയോളം തട്ടിയെടുത്തു. ചതിക്കപ്പെട്ടെന്ന മനസിലാക്കിയ യുവാവ് നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1930-ലും മട്ടാഞ്ചേരി പൊലീസിലും പരാതി നല്‍കി. കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ വിമലാധിത്യയുടെ നേത്രത്വത്തില്‍ അന്യേഷണം ആരംഭിച്ച സംഘവും അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഉമേഷ് ഗോയല്‍, ഇന്‍സ്‌പെക്ടര്‍ ഷിബിന്‍ എന്നിവരടങ്ങിയ പ്രത്യേക സംഘവും കൂടി പ്രതികളെ അറസ്റ്റ് ചെയ്തു.
2024-ല്‍ മാത്രം കൊച്ചിയില്‍ 400 ഓളം ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏകദേശം 25 കോടി രൂപയോളം ഓണ്‍ലൈന്‍ തട്ടിപ്പ് വഴി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സമ്പന്നരെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് വ്യാജ നിക്ഷേപ പദ്ധതികളിലൂടെയും ഫേക്ക് ലിങ്കുകളിലൂടെയുമാണ് തട്ടിപ്പുകള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ രണ്ടു മണിക്കൂറില്‍ 1930 ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതി നല്‍കണമെന്നും സമയബന്ധിതമായ ഇടപെടല്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ സഹായിക്കുമെന്നും പോലീസ് അറിയിച്ചു.