ആലപ്പുഴ: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായ പരിപാടിയ്ക്കിടെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. പ്രീതികുളങ്ങരയിൽ ഒരു ക്ലബ്ബിന്റെ രാത്രി ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം വിദ്യാർത്ഥിനിയുടെ ശ്രദ്ധയിൽപ്പെട്ടത്.
മുടിയുടെ ഒരു ഭാഗമാണ് മുറിച്ചത്. എപ്പോഴാണ് മുറിച്ചതെന്നോ ആരാണ് ചെയ്തതെന്നോ വ്യക്തമല്ലെന്ന് നഴ്സിങ് വിദ്യാർത്ഥിനി പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായി കുടുംബം പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. തദ്ദേശവാസികളുൾപ്പെടുന്നവരാണ് ക്ലബിലെ പരിപാടിക്ക് എത്തിയത്. അതിനാൽ, പെൺകുട്ടിയുടെ മുടി മുറിച്ചത് പുറത്തുള്ളവരാകാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്. കുടുംബത്തോട് വൈരാഗ്യമുള്ളവരാണോയെന്നടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മണ്ണഞ്ചേരി പോലീസ് പറഞ്ഞു.