- മുസ്‌ലിം ലീഗിനെയും ജമാഅത്തിനെയും ഒരേ കണ്ണട കൊണ്ട് കാണുന്നത് ശരിയല്ലെന്ന് പിണറായി വിജയൻ. മുസ്‌ലിം ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി വർഗീയ ശക്തികളുമായി കൂട്ടുകൂടുന്നതായി കുറ്റപ്പെടുത്തൽ.
കോഴിക്കോട്: മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേ കണ്ണട കൊണ്ട് കാണുന്നത് ശരിയല്ലെന്നും ജമാഅത്തെ ഇസ്‌ലാമി ആർ.എസ്.എസിന്റെ മുസ്‌ലിം പതിപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ മുസ്‌ലിം ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ ശക്തികളുമായി കൂട്ടുകൂടുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. മുതിർന്ന സി.പി.എം നേതാവ് പി ജയരാജന്റെ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം പാലൊളി മുഹമ്മദ്കുട്ടിക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജമാഅത്തും സംഘപരിവാറും ഒരേ തൂവൽ പക്ഷികളാണ്. ആർ.എസ്.എസിന് ഹിന്ദു രാഷ്ട്രം പോലെ, ജമാഅത്തെ ഇസ്‌ലാമി, ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കൽ ലക്ഷ്യമാക്കിയ സംഘടനയാണ്. ലീഗിനെ ഇതിനോടൊപ്പം കാണാൻ കഴിയില്ല.
ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനമാണ്. ജമാഅത്തെ ഇസ്‌ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധമുണ്ട്. ലീഗിന് ഇന്ത്യക്ക് പുറത്തു സഖ്യമില്ല. പാകിസ്താനുമായി പോലും ബന്ധമില്ല.
ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടത് ഇസ്‌ലാമിക സാർവ്വ ദേശീയതയാണ്. ലീഗിന് അങ്ങനെ അല്ല. എന്നു കരുതി, ലീഗ് ചെയ്യുന്ന അപരാധം കാണാതിരിക്കാനാവില്ല. നേരിട്ട് ബന്ധമില്ലെങ്കിലും സാർവദേശീയ ബന്ധം ഉള്ളവരുമായി ലീഗ് ചേർന്ന് നിൽക്കുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ലീഗ് ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുകയാണെന്നും ഇത്തരം അവസരവാദം തുറന്നുകാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലീഗിന്റെ ചരിത്രം ബ്രിട്ടീഷ് അനുകൂല പ്രസ്ഥാനം എന്നതാണ്. ബ്രിട്ടീഷ് സഹായത്തോടെ വിദ്യാഭ്യാസം, ജോലി എന്ന നിലയ്ക്കാണ് അവർ തുടക്കത്തിൽ നിലപാട് സ്വീകരിച്ചത്. ജമാഅത്തിന് യമനിലും ഈജിപ്തിലുമുൾപ്പെടെ ബന്ധങ്ങളുണ്ട്. സാമ്രാജ്യത്വത്തോട് ഒപ്പം നിന്ന ചരിത്രവും ജമാഅത്തെ ഇസ്‌ലാമിക്ക് പല രാജ്യങ്ങളിലും ഉണ്ട്. ജമാഅത്തിന് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായും ബന്ധമുണ്ട്.
ലീഗ് എസ്.ഡി.പി.ഐയുമായി അടുപ്പം കൂട്ട് കൂടുന്നു. ഇത് ലീഗ് അണികൾ തന്നെ തീവ്രവാദ സ്വഭാവത്തിലേക്ക് ഒഴുകുന്നതിന് വഴി തെളിക്കും. മതതീവ്രവാദികളോട് യോജിക്കില്ല എന്ന നിലപാടാണ് ലീഗ് സ്വീകരിക്കേണ്ടത്. എന്നാൽ ലീഗിന് അതിന് കഴിയുന്നില്ല.
മസ്ജിദിന് കാവൽ നിന്നു രക്തസാക്ഷിയായ യു.കെ കുഞ്ഞിരാമന്റെ പാർട്ടിയാണ് സി.പി.എം. ആ പാർട്ടിയെ സംഘ ബന്ധം ഉള്ള പാർട്ടിയാക്കി ചിത്രീകരിക്കാൻ ലീഗും ശ്രമിക്കുന്നു. എന്നാൽ, ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നെന്ന് അഭിമാനത്തോടെ പറഞ്ഞ കെ സുധാകരനാണ് ലീഗ് ഉൾപ്പെടുന്ന മുന്നണിയുടെ തലപ്പത്തെന്നും മുഖ്യമന്ത്രി കളിയാക്കി.
പുസ്തകത്തോടുള്ള തന്റെ വിയോജനവും മുഖ്യമന്ത്രി ചടങ്ങിൽ പരസ്യമാക്കി. പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം പാർട്ടി നിലപാടല്ലെന്നും വിവാദ പരാമർശങ്ങൾ വ്യക്തിപരമാണെന്നും പിണറായി വിജയൻ പറഞ്ഞു.
പുസ്തകം പ്രകാശിപ്പിക്കുന്നതുകൊണ്ട് ഇതിലെ എല്ലാ പരാമർശങ്ങളും അതേപോലെ ഞാൻ പങ്കുവെക്കുന്നു എന്ന് അർത്ഥമില്ല. ഓരോ പുസ്തക രചയിതാവിനും ഓരോ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ടാകും. ആ ആഭിപ്രായം ഉള്ളവരേ പുസ്തകം പ്രകാശനം ചെയ്യാവൂ എന്ന നിർബന്ധം ഉണ്ടാവാറില്ല. വ്യത്യസ്ത അഭിപ്രായങ്ങൾക്ക് പെതുമണ്ഡലത്തിൽ വേണ്ടത്ര ഇടമുണ്ട്. അത് സ്വാഗതം ചെയ്യേണ്ടതുമാണ്.
ഞങ്ങൾ ഇരുവരും ഒരേ പ്രസ്ഥാനത്തിൽപ്പെട്ടവരാണ്. അതുകൊണ്ട് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന ഒട്ടേറ കാര്യങ്ങൾ ഇതിലുണ്ടാകും. അതിനൊടെക്കെ യോജിപ്പുണ്ടാകും. എന്നാൽ, ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തലുകൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും അത് വ്യത്യസ്ത വീക്ഷണമായിട്ടാണ് മാറുക. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയ്‌ക്കെതിരെ പറഞ്ഞുവെന്നാണ് ഇപ്പോൾ ലീഗിന്റെ ദുരുദ്ദേശത്തോടെയുള്ള അസത്യ പ്രചാരണം. മലപ്പുറമെന്ന് പറയുമ്പോൾ ഇസ്‌ലാമിനെതിരെ പറഞ്ഞെന്ന് പ്രചരിപ്പിക്കുകയാണ്. തീർത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഈ വിഷയത്തിൽ പ്രചരിപ്പിക്കുന്നത്. പോലീസ് ഏറ്റവും കൂടുതൽ കേസെടുത്തത് മലപ്പുറത്താണെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. ശരിയല്ലാത്തത് പറഞ്ഞ് ലീഗ് ആണ് മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇടതുപക്ഷം ശക്തിപ്പെട്ടാൽ മാത്രമേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാഷ്ട്രീയം പൊതുവിൽ മതനിരപേക്ഷമായി നിലകൊള്ളുകയുള്ളൂവെന്നതാണ് ഈ കൃതിയുടെ പൊതുവായ സമീപനം. ഏറെ പഠന ഗവേഷണങ്ങൾ നടത്തി തന്റേതായ വിലയിരുത്തലുകൾ കൊണ്ട് രൂപപ്പെടുത്തി ഇങ്ങനെയൊരു കൃതി തയ്യാറാക്കിയ പി ജയരാജനെ ഹാർദ്ദമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡോ. കെ.ടി ജലീൽ പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥകാരൻ പി ജയരാജൻ, മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ പാലൊളി മുഹമ്മദ് കുട്ടി, മന്ത്രി പി.എ മുഹമ്മദ് റിയാസ്, മുൻ മന്ത്രി ടി.കെ ഹംസ, മേയർ ഡോ. ബീന ഫിലിപ്പ്, വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി, ഡോ. പി.എ ഫസൽ ഗഫൂർ, ഡോ. ഹുസൈൻ രണ്ടത്താണി, കാസിം ഇരിക്കൂർ, ടി.പി ദാസൻ, നൗഷാദ് പാപ്പിയോൺ, കെ.ടി കുഞ്ഞക്കണ്ണൻ, ഡോ. യു ഹേമന്ത്കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.