കോഴിക്കോട്: സമസ്ത നേരത്തെ പുറത്താക്കിയ പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസിന്റെ(സി.ഐ.സി) ജനറൽ സെക്രട്ടറിയാക്കിയതിനെതിരെ സമസ്ത നേതാക്കൾ. നടപടി വിഭാഗീയ പ്രവർത്തനമാണെന്ന് നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.
സി.ഐ.സി പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കെ അതിനെ തകർക്കാനുള്ള ശ്രമം ഖേദകരവും ഉത്കണ്ഠാജനകവും പ്രതിഷേധാർഹവുമാണെന്നും ബന്ധപ്പെട്ടവർ അതിൽനിന്നു പിന്തിരിയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രശ്‌നപരിഹാരത്തിന് മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം യോഗം ചേരാനിരിക്കെയാണ് സമസ്ത മാറ്റിനിർത്തിയ ഹക്കീം ഫൈസിയെ ജനറൽ സെക്രട്ടറിയാക്കി പുതിയ കമ്മിറ്റി വാർത്തയെന്നും ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിലുള്ള നേതാക്കൾ പുറപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എസ് വൈ എസ് വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.ഇ.എ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ.്‌കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽസെക്രട്ടറി ഒ.പി.എം അഷ്‌റഫ് എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ച മറ്റു ഭാരവാഹികൾ.
സി.ഐ.സി-സമസ്ത ഭിന്നത രൂക്ഷമായതിന് പിന്നാലെ ഹക്കീം ഫൈസിക്കെതിരേ സമസ്ത അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടർന്ന് വിവിധ ചർച്ചകളുടെ ഫലമായി സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി തങ്ങളുടെയും സമസ്തയുടെയും നിർദേശാനുസരണം ഹക്കീം ഫൈസി പ്രസ്തുത പദവി രാജിവെക്കുകയായിരുന്നു. ഇത് വഫി-വാഫിയ്യ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ ഏറെ പ്രതീക്ഷയുള്ള വലിയൊരു വിഭാഗത്തിൽ കടുത്ത നിരാശയുണ്ടായിരുന്നു. എങ്കിലും സമസ്തയുടെ സജീവ ഇടപെടൽ സ്ഥാപനത്തിൽ നടന്നുവരുന്നതിനിടെയാണ്, സി.ഐ.സിയുടെ പുതിയ സെനറ്റ്, 2024-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയിൽ ജനറൽ സെക്രട്ടറിയായി വീണ്ടും ഹക്കീം ഫൈസിയെ തെരഞ്ഞെടുത്തത്.
സി.ഐ.സി ആസ്ഥാനത്ത് ചേർന്ന സെനറ്റ് യോഗത്തിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, പി.എസ്.എച്ച് തങ്ങൾ പരപ്പനങ്ങാടി എന്നിവർ അവതരിപ്പിച്ച പാനൽ സെനറ്റ് ഐകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്ത കമ്മിറ്റിയിൽ അലി ഫൈസി തൂതയാണ് ട്രഷറർ.
സംഭവത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളോ സി.ഐ.സി പ്രസിഡന്റ് കൂടിയായ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോ ഇതുവരെയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. പുതിയ തെരഞ്ഞെടുപ്പും സമസ്തയിലെ ചില നേതാക്കളുടെ പുതിയ പ്രസ്താനവനയുമനുസരിച്ച് നേരത്തെയുള്ള ഭിന്നത വീണ്ടും കൂടുതൽ ചർച്ചകൾക്ക് വഴിവെക്കാനാണ് സാധ്യത.
സമസ്ത നേതാക്കളുടെ പ്രസ്താവന ഇങ്ങനെ:
കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി വിവാദത്തിലിരിക്കുന്ന സിഐസി പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കെ അതിനെ തകർക്കാനുള്ള ശ്രമം ഖേദകരവും ഉത്കണ്ഠാജനകവും പ്രതിഷേധാർഹവുമാണെന്നും ബന്ധപ്പെട്ടവർ അതിൽനിന്നു പിന്തിരിയണമെന്നും സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
സമസ്ത നേതൃത്വവും മുസ്ലിം ലീഗ് നേതൃത്വവും ഒരുമിച്ചുചേർന്ന് ഒൻപതിന പ്രശ്‌നപരിഹാര മാർഗരേഖ തയാറാക്കിയിരുന്നു. ഇത് സമസ്ത മുശാവറയും സിഐസിയും അംഗീകരിക്കുകയെന്നതായിരുന്നു തീരുമാനം. സമസ്ത മുശാവറ ഇത് ഐക്യകണ്‌ഠ്യേന അംഗീകരിച്ചെങ്കിലും സിഐസി ഇതുവരെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, മധ്യസ്ഥന്മാർ തയാറാക്കിയ വ്യവസ്ഥകൾ വികലമാക്കി സമസ്തക്ക് അയക്കുകയാണ് അവർ ചെയ്തത്.
ഈ പശ്ചാത്തലത്തിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.ടി അബ്ദുല്ല മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ പ്രശ്‌നപരിഹാരത്തിനു വേണ്ടി ഇന്നലെ വൈകുന്നേരം നാല് മണിക്ക് യോഗം ചേരാനിരിക്കെയാണ് അതിന് മുമ്പ് തന്നെ മധ്യസ്ഥശ്രമങ്ങൾക്ക് തുരങ്കംവെക്കും വിധം ഏകപക്ഷീയമായി സമസ്ത മാറ്റിനിർത്തിയ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ജനറൽ സെക്രട്ടറിയായ പുതിയ സിഐസി കമ്മിറ്റി പ്രഖ്യാപനം വന്നത്. സമുദായത്തിൽ ഐക്യവും രഞ്ജിപ്പും ശക്തമാക്കേണ്ട ഇക്കാലത്ത് ഇത്തരം നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല.
രമ്യമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ സങ്കീർണമാക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾ എല്ലാവരും തിരിച്ചറിയണമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എസ് വൈ എസ് വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്ഇഎ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ്‌കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.