കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഇത് പൊലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള നടിയുടെ ഉപഹരജി ഹൈക്കോടതി തള്ളി. ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും അതിജീവിതയ്ക്ക് പുതിയ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് സി.എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിക്കപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം വസ്തുതാപരമല്ലെന്നാണ് നടി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ് മെമ്മറി കാർഡ് തുറന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് ഹൈക്കോടതിക്ക് റിപോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്മേൽ കേസെടുത്തിട്ടില്ല.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചതിലായിരുന്നു അന്വേഷണം. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് മൂന്ന് തവണയാണ് നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ടിട്ടുണ്ടെന്ന ഫൊറൻസിക് സയൻസ് ലബോറട്ടറിയുടെ റിപോർട്ട് പുറത്തുവന്നതോടെ, സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതിജീവിതയുടെ ഉപഹർജിയെ കേസിലെ എട്ടാം പ്രതി നടൻ ദിലീപ് എതിർത്തിരുന്നു. ഹരജിക്കാരിക്ക് നിയമപരമായ മറ്റു മാർങ്ങൾ തേടാമെന്നും മുമ്പ് തീർപ്പാക്കിയ കേസിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
തന്റെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണ് നടന്നത്. അതിനാലാണ് വസ്തുതാന്വേഷണത്തിന് കോടതിയെ സമീപിച്ചതെന്ന് കേസിലെ ഇരയായ നടി കോടതിയിൽ ആവർത്തിച്ചു. ഒരു തവണ രാത്രിയിലും ഒരു തവണ സ്മാർട്ട് ഫോണിലുമാണ് മെമ്മറി കാർഡ് തുറന്നത്. ഗുരുതരമായ കുറ്റകൃത്യം കണ്ടെത്തിയിട്ടും, അതിന്മേൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ സെഷൻസ് ജഡ്ജിയുടെ ഭാഗത്തുനിന്നും നിർദേശം ഉണ്ടായില്ലെന്നും നടി ചൂണ്ടിക്കാണിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളാണ് ഇരയായ നടിക്കായി കോടതിയിൽ ഹാജരായത്. നടിയുടെ ഹരജിയെ അനുകൂലിച്ച് സംസ്ഥാന സർക്കാരും നിലപാട് സ്വീകരിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.