ചെമ്മാട്– വികസന പ്രവർത്തനങ്ങളിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള വിഭാഗീയതകൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ ആസൂത്രണം ചെയ്യണമെന്ന് വിസ്‌ഡം ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. പുതിയ ഭരണകൂടങ്ങൾ സമഗ്ര വികസന കാഴ്ചപ്പാടോടെ പദ്ധതികൾ രൂപീകരിക്കുകയും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സമാനമായ പരിഗണന ഉറപ്പാക്കുകയും വേണമെന്നും സംഗമം വ്യക്തമാക്കി. മത-രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള സ്വജനപക്ഷപാതവും വിഭാഗീയ സമീപനങ്ങളും സമൂഹത്തിന്റെ ഐക്യത്തെയും പുരോഗതിയെയും ദോഷകരമായി ബാധിക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന നീക്കങ്ങൾക്ക് രാജ്യം ശക്തമായ പിന്തുണ നൽകണം. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രവാസികൾ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകൾക്ക് സ്ഥിരപരിഹാരം കണ്ടെത്തുന്നതിനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും സംഗമം പറഞ്ഞു.
നിർഭയത്വം തൗഹീദിലൂടെ എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ആദർശ പ്രയാണ ക്യാമ്പയിനിന്റെ ഭാഗമായി തലപ്പാറയിൽ സംഘടിപ്പിച്ച സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഡോ ഷാനവാസ് പറവണ്ണ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ഹനീഫ ഒടക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യു മുഹമ്മദ് മദനി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഫഹദ് അൻസാരി താനാളൂർ, ബഷീർ കാടെങ്ങൽ, ഹമിദ് പരപ്പനങ്ങാടി, മുജീബ് മദനി ഒട്ടുമ്മൽ അസ്‌ലം ബുഖാരി കളിയാട്ടുമുക്ക്, ഫൈസൽ, ഫാറൂഖ് തിരൂരങ്ങാടി, അഹ്‌മദ് അലി ചേളാരി ഡോ അബ്ദുൽ ലത്തീഫ് വി എന്നിവർ സംസാരിച്ചു. ഏപ്രിൽ 17ന് താനൂരിൽ വച്ച് നടക്കുന്ന ജില്ലാ ക്യാമ്പയിൻ പരിപാടികൾക്ക് സംഗമം അന്തിമ രൂപം നൽകി.



