കോഴിക്കോട്– മുസ്‌ലിം ലീഗിന്റെ ഡൽഹിയിലെ ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിൽ മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേര് ഉൾപ്പെടുത്താത്തതിൽ പരാതിയില്ലെന്ന് മകനും മുസ്‌ലിം ലീഗ് നേതാവുമായ ഡോ. എം.കെ മുനീർ. ഈ വിഷയത്തിൽ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും, കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സി.എച്ച് സെന്ററുകൾ പാർട്ടിയുടെ നേതൃത്വത്തിലാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്മാരകങ്ങളെക്കാൾ ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കാനാണ് സി.എച്ച് മുഹമ്മദ് കോയ ആഗ്രഹിച്ചതെന്നും, പാർട്ടി അവഗണിച്ചുവെന്ന് കരുതുന്നില്ലെന്നും മുനീർ കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 24-ന് ഡൽഹിയിലെ ദരിയാഗഞ്ചിൽ മുസ്‌ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നിരുന്നു. എന്നാൽ, പാർട്ടിയുടെ സമുന്നത നേതാവും കേരളത്തിന്റെ ഏക മുസ്‌ലിം ലീഗ് മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ പേര് അവിടെ ഉൾപ്പെടുത്താത്തത് വിവാദമായിരുന്നു.