മലപ്പുറം– സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ അവസ്ഥ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗിയുടെ റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും ആരോഗ്യമന്ത്രി പുറത്തുവിട്ടു. ഇതില്‍ ആറു പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. 49 പേരുള്ള സമ്പര്‍ക്ക് പട്ടികയിലെ 45 പേരും ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്ളവരാണ്. അതേ സമയം പ്രദേശത്ത് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42 കാരിക്ക് കഴിഞ്ഞ ദിവസമാണ് നിപ്പ സ്ഥിരീകരിച്ചത്. ഏപ്രില്‍ 25നാണ് യുവതി പനി കാരണം വളാഞ്ചേരി സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയത്. പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ വന്നപ്പോള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിപ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാര്‍ സാമ്പിള്‍ പരിശോധനക്ക് അയക്കുകയും പരിശോധന ഫലം പോസിറ്റീവ് ആണെന്ന് അറിയിപ്പ് വരികയും ചെയ്തു. അടുത്ത സമ്പര്‍ക്കമുള്ള ഭര്‍ത്താവും മക്കളുമടക്കം നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മേഖലയില്‍ 3 കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
നിപ പശ്ചാതലത്തില്‍ മലപ്പുറം ജില്ലയില്‍ പൊതുവായി ജാഗ്രത നിര്‍ദേശം ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് ആരോഗ്യ വകുപ്പ് പരിശോധന നടത്തും. പ്രദേശത്ത് ഒരു പൂച്ച ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാതലത്തില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കും. എല്ലാവരും മാസ്‌ക് ധരിക്കാനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും അഭികാമ്യമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.