മലപ്പുറം: മലപ്പുറത്ത് മരിച്ച 24 വയസുകാരന് നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച മരിച്ച വണ്ടൂർ നടുവത്ത് സ്വദേശിയായ വിദ്യാർത്ഥിക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
വിദ്യാർത്ഥി മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിൽ നിപ വൈറസ് സംശയിച്ചിരുന്നു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാമ്പിളുകൾ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചിരുന്നു. ഇതിലാണിപ്പോൾ നിപയാണെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.
ബെംഗ്ലൂരുവിൽ പഠിക്കുകയായിരുന്നു മരിച്ച വിദ്യാർത്ഥി. നാല് സ്വകാര്യ ആശുപത്രികളിൽ വിദ്യാർത്ഥി ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര പോയിട്ടുണ്ട്. ഇവരുടെയെല്ലാം വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. ഐസൊലേഷനിലുള്ള അഞ്ചു പേർക്ക് ചില ചെറിയ ലക്ഷണങ്ങൾ കണ്ടതിനാൽ ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചതായാണ് വിവരം. ആരോഗ്യ പ്രവർത്തകർ ഊർജിതമായ മുൻകരുതൽ നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തിരുവാലി പഞ്ചായത്തിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.
ബെംഗളുരുവിലെ കോളജിൽ പന്തുകളിക്കുന്നതിനിടെ കാലിന് പരുക്കേറ്റാണ് വിദ്യാർത്ഥി വീട്ടിലെത്തിയത്. പിന്നാലെ കടുത്ത പനി ബാധിച്ച്, നടുവത്തെ സ്വകാര്യ ക്ലിനിക്കിലും വണ്ടൂർ കാളികാവ് റോഡിലെ സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടിയെങ്കിലും രോഗം കൂടിയതോടെ പെരിന്തൽമണ്ണയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് എം.ഇ.എസ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അടുത്ത സുഹൃത്തും സഹോദരിയുടക്കം സമ്പർക്കമുളള 151 പേരുടെ പട്ടികയാണിപ്പോൾ തയ്യാറാക്കിയിട്ടുള്ളത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആർക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ച് ജീവൻ രക്ഷിക്കാനും, പുതുതായി ആർക്കും അണുബാധ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും വേണ്ട നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.