- തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളും, മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്.
മലപ്പുറം: മലപ്പുറം ജില്ലയിലെ തിരുവാലി നടുവത്ത് കഴിഞ്ഞയാഴ്ച മരിച്ച വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളും, മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ പാലിക്കണമെന്നും ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് നിർദേശിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിന്റെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.
ബെംഗഌരുവിൽ പഠിച്ചിരുന്ന വിദ്യാർത്ഥി കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ചികിത്സയിലിരിക്കെ മരിച്ചത്. നാലു ആശുപത്രികളിൽ ചികിത്സ തേടിയ വിദ്യാർത്ഥിയുടെ മരണം നിപയാണെന്ന് സംശയമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്നാണ് പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സാമ്പിളുകൾ പരിശോധിച്ച് ഔദ്യോഗികമായി നിപ സ്ഥിരീകരിച്ചത്.