യമന്‍: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനവുമായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് ഇന്നലെ രാജ്യസഭയില്‍ നല്‍കിയ മറുപടി പൂര്‍ണമായും ശരിയല്ല. കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബത്തിന് ദിയാധനമായ നാല്പതിനായിരം ഡോളര്‍ ലഭ്യമാക്കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണ്. കുടുംബം ഇതുവരെ പണം സ്വീകരിക്കാന്‍ തയാറായിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ അക്കൗണ്ടിലൂടെ നല്‍കിയ പണം ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമല്ലെന്നും ആക്ഷന്‍ കമ്മറ്റിയിലെ അംഗമായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചശേഷമാണ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാനുള്ള സഹായം പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.