കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു. ഈ വിഷയത്തിൽ പങ്കാളികളായ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
“പ്രാർഥനകൾ ഫലം കാണുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെ,” അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വിധിപ്പകർപ്പിന്റെ ഫോട്ടോയും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചു.
വധശിക്ഷ ഒഴിവാക്കാനായി യെമനില്‍ ഇന്ന് കാലത്ത് നടന്ന ചര്‍ച്ചയിലാണ് ധാരണയായത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇന്ത്യന്‍ സമയം 12 മണി മുതല്‍ (യമന്‍ സമയം ഇന്ന് 10 മണി മുതല്‍) ആയിരുന്നു കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി വീണ്ടും ചര്‍ച്ച നടത്തിയത്. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ചര്‍ച്ചയില്‍ പങ്കെടുത്തത് ശ്രദ്ധേയമാണ്.
നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടിയാണ് നീട്ടി വെച്ചത്. ചാണ്ടി ഉമ്മന്‍ എം.എല്‍.എ ആവശ്യപ്പെട്ടതനുസരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ വഴി നടത്തിയ മധ്യസ്ഥ ചര്‍ച്ചയാണ് വീണ്ടുമുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. നിമിഷ പ്രിയ വിഷയത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് കാന്തപുരത്തിന്റെ ഓഫീസ് വിശദീകരിച്ചു.
കുടുംബങ്ങള്‍ക്ക് പുറമെ ഗോത്രങ്ങള്‍ക്കിടയിലും ദമാര്‍ പ്രദേശ വാസികള്‍ക്കിടയിലും വളരെ വൈകാരിക പ്രശ്‌നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആര്‍ക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള ആശയവിനിമയം ആദ്യമായി സാധിക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ കുടുംബം മാനിക്കുകയാണ് ചെയ്തത്. ഇന്നത്തെ ചര്‍ച്ചയില്‍ ബ്ലഡ് മണി സ്വീകരിക്കുന്ന കാര്യത്തിലും ഒരു തീരുമാനം ഉണ്ടാകുമെന്നാണറിയുന്നത്.