തിരുവല്ല– ബിലാസ്പൂർ എൻഐഎ കോടതി സിസ്റ്റർ പ്രീതി മേരിക്കും സിസ്റ്റർ വന്ദന ഫ്രാൻസിസിനും ജാമ്യം അനുവദിച്ചതിൽ വലിയ ആശ്വാസം രേഖപ്പെടുത്തി മലങ്കര മാർത്തോമ സുറിയാനി സഭ അധ്യക്ഷൻ ഡോ. തിയഡോസിയസ് മാർത്തോമ മെത്രാപ്പോലീത്ത.
ഇത് നീതിയിൽ വിശ്വസിക്കുന്ന എല്ലാവർക്കും പ്രകാശഗോപുരമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ചില ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെങ്കിലും, ശേഷിക്കുന്ന നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി കേസ് അർഹമായ അന്ത്യത്തിലെത്തിക്കണമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
ജാതിമത ഭേദമന്യേ എല്ലാ ഇന്ത്യക്കാർക്കും ഭയമോ ഉത്കണ്ഠയോ കൂടാതെ സ്വന്തം മണ്ണിൽ ജീവിക്കാനും പ്രവർത്തിക്കാനും കഴിയണമെന്ന് സഭ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. വ്യക്തമായ തെളിവുകളോ മതിയായ കാരണമോ ഇല്ലാതെ ഒരാളെയും അറസ്റ്റ് ചെയ്യാനോ തടങ്കലിൽ വെക്കാനോ പാടില്ലെന്നും, നിയമവ്യവസ്ഥയിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിന് കോടതികളുടെ ഇടപെടലുകൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രയാസകരമായ സമയങ്ങളിൽ പ്രാർത്ഥനയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും നിരവധി ആളുകൾ കന്യാസ്ത്രീകൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. സത്യവും നീതിയും ആത്യന്തികമായി വിജയിക്കുമെന്നും, ദൈവസ്നേഹത്താൽ പ്രചോദിതരായി മനുഷ്യരാശിക്ക് നിസ്വാർത്ഥ സേവനം ചെയ്യുന്നവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ എന്നത്തേക്കാളും പ്രധാനമാണെന്നും മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.