ആലപ്പുഴ : പുന്നമടക്കായലിൽ ഇന്ന് കാരിച്ചാലും പള്ളാത്തുരുത്തി ബോട്ട് ക്ലബും പുതുചരിത്രമെഴുതി. വള്ളംകളിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞസമയത്തിനാണ് കാരിച്ചാൽ ചുണ്ടൻ ഹീറ്റ്സ്മൽസരത്തിൽ വിജയിച്ച് ഫൈനലിലേക്കെത്തിയത്. ഫൈനലിലാകട്ടെ മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ കഴിഞ്ഞവർഷത്തെ ചാമ്പ്യനായ വീയപുരത്തെ പിന്നിലാക്കുകയും ചെയ്തു. കാരിച്ചാലും മേൽപ്പാടവും വലിയദിവാൻജിയും മൽസരിച്ച അഞ്ചാമത്തെ ഹീറ്റ്സിൽ 4മിനിറ്റും 14.35 സെക്കന്റും കൊണ്ടാണ് കാരിച്ചാൽ 1100 മീറ്റർ ദൂരം പിന്നിട്ടത്. 2017ൽ പായിപ്പാട് ചുണ്ടൻറെ പേരിലുള്ള റെക്കോഡാണ് കാരിച്ചാൽ ഇന്നലെ തിരുത്തിയത്. നാല് മിനിറ്റും 14.82 സെക്കന്റുമായിരുന്നു പായിപ്പാടിന്റെ അന്നത്തെ ചരിത്രനേട്ടം. അതാണ് 47 മൈക്രോ സെക്കന്റുകൾ കുറച്ച് 4 .14.35 മിനിറ്റിന് കാരിച്ചാൽ പുതുചരിത്രം രചിച്ചത്. നെഹ്റുട്രോഫിയുടെ ചരിത്രത്തിൽ അഞ്ച് തവണ തുർച്ചയായി ട്രോഫി നേടുന്ന ടീമെന്ന റെക്കോഡ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് നേടിയിരിക്കുകയാണ്. രണ്ടുതവണ ഹാട്രിക് നേടിയ യു ബി സി കൈനകരിയുണ്ടെങ്കിലും തുടർച്ചയായി അഞ്ചാം തവണ വിജയിക്കുന്നത് പള്ളാത്തുരുത്തി ബോട്ട് ക്ലബാണ്.
ഇത്തവണ മറ്റൊരു ചരിത്രവും പുന്നമടയിൽ പിറന്നു. ഒരു ഹീറ്റ്സിൽ പങ്കെടുത്ത മൂന്ന് വള്ളങ്ങൾ ഫൈനലിൽ എത്തുകയെന്ന അപൂർവത. ചുണ്ടനുകളുടെ നാലാംഹീറ്റ്സിലെ പൊരിഞ്ഞ പോരാട്ടത്തിലൂടെയാണ് ആ മൽസരത്തിലെ നാലിൽ മൂന്നു വള്ളങ്ങളും ഫൈനലിൽ ഇടംനേടിയത്. നാല് മിനിറ്റും 22.58 സെക്കന്റുമെടുത്ത് തുഴഞ്ഞെത്തിയ കൈനകരി വില്ലേജ് ബോട്ടക്ലബിന്റെ വീയപുരം ചുണ്ടൻ, നാല് മിനിറ്റും 23 സെക്കന്റുമെടുത്ത നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ, നാല് മിനിറ്റും 23.31 സെക്കന്റുമെടുത്ത് തുഴഞ്ഞെത്തിയ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ എന്നിവയാണ് ഒരുമിച്ച് ഹീറ്റ്സിലും ഫൈനലിലും പോരാടിയത്. ഇവർ രണ്ടുമുതൽ നാല് വരെ സ്ഥാനങ്ങൾ നേടിയപ്പോൾ ചരിത്രമെഴുതിയ കാരിച്ചാൽ കിരീടം ചൂടി. രണ്ട് ഹാട്രിക്ക് ഉൾപ്പെടെ 16 തവണയാണ് ഇതോടെ കാരിച്ചാൽ നെഹ്റുട്രോഫി ഉയർത്തിയത്. വള്ളംകളിയുടെ ചരിത്രത്തിൽ കാരിച്ചാലിനോളം മറ്റൊരു ജലരാജാവില്ല. ജലരാജാക്കന്മാരിലെ ‘സച്ചിനാണ്’ കാരിച്ചാൽ.