ആലപ്പുഴ: ഇന്നലെ നടന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഫലനിർണയത്തിലെ തർക്കവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നോർത്ത് പൊലീസാണ് കേസെടുത്തത്. ഇന്നലെ നെഹ്റു പവലിയനിൽ വച്ചുണ്ടായ സംഭവത്തിലാണ് കേസ്. അന്യായമായി സംഘം ചേരൽ, സഞ്ചാര സ്വതന്ത്ര്യം തടയൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ കപ്പിൽ മുത്തമിട്ടത്. ഇതോടെ 70ാമത് നെഹ്റുട്രോഫി ജലമേളയിൽ തുടർച്ചയായി അഞ്ച് തവണ കപ്പ് നേടുന്ന ആദ്യ ക്ളബ്ബായി ചരിത്രം കുറിച്ചിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട് ക്ളബ്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാൽ, വീയപുരം ചുണ്ടനെ മറികടന്നത്. വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന സംശയം ആദ്യമുയർന്നിരുന്നു. പിന്നീടാണ് ഫലനിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപണം ഉയർന്ന് തർക്കം ഉണ്ടായത്. അഞ്ച് മെെക്രോ സെക്കൻഡിന്റെ വ്യത്യാസത്തിലാണ് വീയപുരം ചുണ്ടൻ പരാജയപ്പെട്ടത്. എന്നാൽ ഫലനിർണയത്തിൽ കോടതിയെ സമീപിക്കുമെന്ന് വീയപുരം ചുണ്ടൻ തുഴഞ്ഞ കെെനകരി വില്ലേജ് ബോട്ട് ക്ലബ് വ്യക്തമാക്കി.