തിരുവനന്തപുരം: കുട്ടനാട് എം.എൽ.എ തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പിനുശേഷം കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രിക്ക് എൻ.സി.പി നേതൃത്വത്തിന്റെ മുന്നറിയിപ്പ്.
പാർട്ടി മന്ത്രി എ.കെ ശശീന്ദ്രനെ മാറ്റി തുടർന്നുള്ള കാലയളവിലേക്ക് തോമസ് കെ തോമസിനെ നിർബന്ധമായും മന്ത്രിയാക്കണമെന്നാണ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ പക്ഷത്തിന്റെ നിലപാട്.
ഇതിന് ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ പച്ചക്കൊടിയുണ്ടെന്നും രേഖാമൂലം പാർട്ടി നേരത്തെ മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് നേതൃത്വത്തെയും അറിയിച്ചതാണ്.
എന്നാൽ, ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നോക്കാമെന്ന് പറഞ്ഞ് എൻ.സി.പി ആവശ്യം നീട്ടിക്കൊണ്ടു പോവുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിനിടെ, സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് പോർമുഖത്ത് നിൽക്കുമ്പോൾ രണ്ട് ഇടത് എം.എൽ.എമാരെ 100 കോടി വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടാൻ തോമസ് കെ തോമസ് കരുനീക്കിയതായി മുഖ്യമന്ത്രി തന്നെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ റിപോർട്ട് ചെയ്യുകയുണ്ടായി.
ഇത് തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തേക്കുള്ള വാതിൽ അടക്കാനുള്ള നീക്കമായാണ് കാണുന്നത്. അതിനാൽ ഉപതെരഞ്ഞെടുപ്പ് കഴിയുംവരേ കാത്തിരിക്കാമെന്നും ശേഷം തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ എ.കെ ശശീന്ദ്രനെ കൂടി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെപ്പിച്ച് പാർട്ടിക്ക് മന്ത്രിയെ വേണ്ടെന്ന നിലയിൽ പ്രതിഷേധം കടുപ്പിക്കാനാണ് എൻ.സി.പിയിലെ ഒരു വിഭാഗം കടുത്ത സമ്മർദ്ദങ്ങൾ ചെലുത്തുന്നത്.
പാർട്ടി മുമ്പെടുത്ത തീരുമാനം പാലിച്ച് മന്ത്രി എ.കെ ശശീന്ദ്രന് പകരക്കാരനായി തോമസ് കെ തോമസ് മന്ത്രിയാകട്ടെയെന്നും എന്നാൽ, തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി സന്നദ്ധമല്ലെങ്കിൽ നിലവിലുള്ള മന്ത്രി രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് വിവിധ ജില്ല പ്രസിഡന്റുമാരുടെ വികാരം. എന്തായാലും പാർട്ടിക്ക് ഒരു മന്ത്രി ഉണ്ടായേ തീരൂ എന്നാണ് ഇവരുടെ വാദം.
അതിനാൽ തന്നെ ഒരു ഭാഗത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായും മറുഭാഗത്ത് പാർട്ടിയിലെ പുതിയ കോക്കസിനെതിരേയും ഒരുമിച്ച് പട നയിക്കേണ്ട സ്ഥിതിയിലാണ് തോമസ് കെ തോമസും പി.സി ചാക്കോയുമുള്ളത്.
രണ്ട് ഇടത് എം.എൽ.എമാർക്ക് 100 കോടി രൂപ കോഴ ആരോപണം ഉയർന്നതിന്റെ മറപിടിച്ചാണ് തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തേക്കുള്ള വഴി അടക്കാൻ നീക്കം നടക്കുന്നത്. അത്തരമൊരു നീക്കം വിജയം കണ്ടാൽ എൻ.സി.പിയിൽ വൻ പൊട്ടിത്തെറിക്കുള്ള സാധ്യതയാണ് തെളിയുക.