പത്തംതിട്ട: കണ്ണൂർ എ.ഡി.എമ്മായിരുന്ന മരിച്ച നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. മഞ്ജുഷയുടെ ആവശ്യം പരിഗണിച്ച് കോന്നി തഹസിൽദാർ സ്ഥാനത്ത് നിന്നും പത്തനംതിട്ട കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ട് സ്ഥാനത്തേക്കാണ് മാറ്റിയത്. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കി.
ഭർത്താവിന്റെ മരണത്തെ തുടർന്ന് തഹസിൽദാർ പോലുള്ള കൂടുതൽ ഉത്തരവാദിത്തമുള്ള ജോലി തത്ക്കാലം ചെയ്യാനാവില്ലെന്നും പത്തനംതിട്ട കലക്ടററേറ്റിൽ തതുല്യ തസ്തികയിലേക്ക് മാറ്റം വേണമെന്നും മഞ്ജുഷ അഭ്യർത്ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സ്ഥലംമാറ്റം. വിഷയത്തിൽ കലക്ടറുടെ ഉത്തരവ് കൂടി ഇനി വരേണ്ടതുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹരജിയിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാനാണ് കോടതി നിർദ്ദേശം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നല്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി വിശദമായ വാദത്തിനായി ഹൈക്കോടതി ഡിസംബർ ആറിന് പരിഗണിക്കും.
സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യ പ്രതിയായുള്ള കേസിൽ ഇതുവരെയുള്ള പോലീസ് അന്വേഷണത്തിൽനിന്ന് നീതി ലഭ്യമാകുമെന്ന് പ്രതീക്ഷയില്ലെന്നാണ് കുടുംബം കോടതിയെ അറിയിച്ചത്. ഇതേ തുടർന്ന് ആറിനകം കേസ് ഡയരി ഹാജറാക്കാനും കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.