- സി പി എം നേതാവ് പ്രതിയായ കേസിൽ കേരള പോലീസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും മരണം സി ബി ഐ അന്വേഷിക്കണമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
കൊച്ചി: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ. ആത്മഹത്യയാണെന്ന പോലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ കുടുംബം വ്യക്തമാക്കി.
നവീൻ ബാബുവിന്റെ മരണത്തിൽ സത്യം പുറത്തുവരേണ്ടതുണ്ട്. അതിന് കേരള പോലീസിന് പുറത്തുള്ള ഏജൻസി എന്ന നിലയിൽ സി ബി ഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസ് ആദ്യമേ അവതരിപ്പിച്ചത്. ഇത് പൂർണമായി വിശ്വസിക്കുന്നില്ല. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയമുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പോലീസ് തിടുക്കപ്പെട്ട് നടത്തിയതിൽ സംശയമുണ്ട്. താനോ കുടുംബാംഗങ്ങളോ എത്തുന്നതിന് മുമ്പു തന്നെ പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയിരുന്നു. നവീൻ ബാബുവിന്റെ ബന്ധുവിനെ സാക്ഷിയാക്കി വേണമായിരുന്നു ഇൻക്വസ്റ്റ് നടത്താൻ. കാര്യങ്ങൾ ശരിയായ വിധത്തിലല്ല നടന്നത്. ഇക്കാര്യത്തിൽ ആരുടെയൊക്കെയോ ഏതൊക്കെയോ തലത്തിലുള്ള ഇടപെടലുകൾ ഉണ്ടായതായാണ് സംശയിക്കുന്നത്. രാഷ്ട്രീയ സ്വാധീനമുള്ളവർ അടക്കം നിരവധി പേർ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.
അന്വേഷണത്തിന്റെ തുടക്കം തൊട്ടേ പോലീസ് ഭാഗത്തുനിന്നും അലംഭാവമുണ്ടായിട്ടുണ്ട്. മൊഴി രേഖപ്പെടുത്താൻ കാലതാമസമുണ്ടായി. കേസിലെ പ്രതിപ്പട്ടികയിലുള്ള ആൾ വളരെയധികം രാഷ്ട്രീയ സ്വാധീനമുള്ളവളാണ്. ആ രാഷ്ട്രീയ ശക്തി അടക്കം കേസ് അട്ടിമറിക്കാൻ ശ്രമിച്ചേക്കും. അതിനാൽ കേരള പോലീസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല.
മരണത്തിൽ കുടുംബത്തിന് ഒരുപാട് സംശയങ്ങളമുണ്ട്. തെളിവുകൾ നശിപ്പിക്കപ്പെട്ടു പോകാനിടയുണ്ട്. തെളിവുകൾ കൈമോശം വരാതെ ഭാവിയിലേക്ക് അടക്കം സൂക്ഷിക്കേണ്ടതുണ്ട്. അതിനാൽ വളരെ കൃത്യമായും സുതാര്യമായും ആഴത്തിലുമുള്ള അന്വേഷണം വേണം. സംസ്ഥാന പോലീസിന്റെ തെളിവ് ശേഖരണവും അന്വേഷണവും തൃപ്തികരമല്ല. അതിനാൽ കേന്ദ്ര ഏജൻസി തന്നെ കേസ് അന്വേഷിക്കണം.
എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ എത്തിയത്. പ്രസംഗത്തിൽ നവീൻ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനപൂർവമാണ്. മരണശേഷവും പ്രതിയായ ദിവ്യയും മറ്റും നവീനെ വേട്ടയാടുന്നത് തുടരുകയാണ്. കൈക്കൂലിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. യാത്രയയപ്പ് യോഗത്തിന് ശേഷം പ്രതിയായ വ്യക്തി ആരെയെല്ലാം കണ്ടു എന്ന് പരിശോധിക്കേണ്ടതുണ്ട്. സംഭവത്തിൽ ഗൂഢാലോചന നടന്നോയെന്നും കണ്ടെത്തേണ്ടതുണ്ട്. യാത്രയയപ്പിന് ശേഷം നവീൻ ബാബുവിനെ കണ്ടത് ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടു. ഹരജി അടുത്ത ദിവസം തന്നെ ഹൈക്കോടതി പരിഗണിക്കാനാണ് സാധ്യത.
കേസിലെ പ്രതിയും സി.പി.എം നേതാവുമായ പി.പി ദിവ്യ ജാമ്യത്തിലാണെങ്കിലും ഇവരെ യഥാസമയം അറസ്റ്റ് ചെയ്ത് തെളിവുകൾ ശേശരിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല. പ്രതിക്കുള്ള സംരക്ഷണത്തിൽ രൂക്ഷമായ വിമർശങ്ങൾ ഉയർന്നതോടെ തങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. എന്നാൽ, കേരള പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന കുടുംബത്തിന്റെ വാക്കുകൾ അഭ്യന്തര വകുപ്പിനും പാർട്ടി സംവിധാനത്തിനും കനത്ത പ്രഹരമാണ്.
പോലീസിന്റെ തെളിവുശേഖരണത്തിൽ തൃപ്തിയില്ലെന്ന് നേരത്തെ തന്നെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക സജിത പറഞ്ഞിരുന്നു. ജില്ലാ കലക്ടറും പ്രതി പി.പി ദിവ്യയും ഉപയോഗിച്ചുവന്ന ഒന്നിലധികം ഫോൺനമ്പറുകൾ പരാതിയിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പോലീസ് റിപോർട്ടിൽ അതേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ല. കൂടാതെ പെട്രോൾ പമ്പിന് അനുമതി തേടിയ പ്രശാന്തിന്റെ കോൾ റെക്കോർഡ്‌സും സി ഡി ആറും എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതു സംബന്ധിച്ചും യാതൊന്നും പോലീസ് റിപോർട്ടിൽ ഇല്ല. ദിവസങ്ങൾ കഴിയുന്നതോടെ ഈ തെളിവുകളെല്ലാം നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അഭിഭാഷക വ്യക്തമാക്കിയിരുന്നു.
ഇതേ തുടർന്ന് തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം തലശ്ശേരി കോടതിയിൽ ഹരജി നല്കിയിരുന്നു. കുറ്റാരോപിതർ പ്രതികളല്ലാത്തതിനാൽ കോൾ റെക്കോർഡിങ് കണ്ടെടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. ഈ ഹർജിയിൽ ഡിസംബർ മൂന്നിന് കോടതി വിധി പറയാനിരിക്കുകയാണ്.
അതിനിടെ, നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ ഗീത നല്കിയ റിപോർട്ടിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പെട്രോൾ പമ്പിന് അനുമതി വൈകിച്ചു എന്ന ആരോപണത്തിലും തെളിവില്ലെന്ന് റിപോർട്ടിലുണ്ട്. ഇതിൽ തുടർ നടപടി വേണമെന്ന കുറിപ്പോടെ നവംബർ ഒന്നിനാണ് റവന്യൂമന്ത്രി റിപോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.