- കേസിലെ അന്വേഷണം തുടക്കം മുതലെ ശരിയായ ദിശയിലല്ലെന്നും ഒരു പ്രതി മാത്രമല്ല ഇതിലുള്ളതെന്നും ആവർത്തിച്ച് നവീൻ ബാബുവിന്റെ ബന്ധുക്കൾ.
പത്തനംതിട്ട: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന സംസ്ഥാന സർക്കാറിന്റെ സത്യവാങ് മൂലത്തിന് പിന്നാലെ ദുരൂഹതകൾ ആവർത്തിച്ച് ബന്ധുക്കൾ രംഗത്ത്. കേസിലെ അന്വേഷണം തുടക്കം മുതലെ ശരിയായ ദിശയിലല്ലെന്നും ഒരു പ്രതി മാത്രമല്ല ഇതിലുള്ളതെന്നും ബന്ധുക്കൾ പറഞ്ഞു.
ഒന്നിലധികം പേർ നവീൻ ബാബുവിന്റെ മരണത്തിൽ ഇടപെട്ടിട്ടുണ്ട്. കുറ്റക്കാരെല്ലാം കോടതിക്ക് മുന്നിലെത്തണം. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നുവെന്ന പോലീസ് ഇൻക്വസ്റ്റ് റിപോർട്ട് അടക്കം ബന്ധുക്കൾ എടുത്തുദ്ധരിച്ചു.
പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഇൻക്വസ്റ്റ് റിപോർട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്ന് നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി നായർ പറഞ്ഞു. ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റു പരിക്കുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപോർട്ട് പറയുമ്പോൾ, പിന്നെ എങ്ങനെയാണ് അടിവസ്ത്രത്തിൽ രക്തക്കറ വന്നതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങളൊന്നും വിശദീകരിക്കാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല.
ഇത് സംബന്ധിച്ച് ഒരു അന്വേഷണവും നടന്നില്ല. ശാസ്ത്രീയ അന്വേഷണം നടത്തിയില്ലെന്ന് അതുകൊണ്ട് തന്നെ വ്യക്തമാണ്. നവീൻ ബാബുവിന്റെ മരണത്തിൽ ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നുണ്ട്. മൃതശരീരത്തിൽ നിന്നും രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അതിനർത്ഥം ഒരു മുറിവ് ശരീരത്തിൽ എവിടെയോ ഉണ്ടായിട്ടുണ്ട് എന്നാണ്. അത് എന്തായിരുന്നുവെന്ന് പറയേണ്ടത് പോലീസിന്റെ ബാധ്യതയും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ ചുമതലയുമാണ്.

അന്വേഷണം തുടക്കം മുതലെ ശരിയായ ദിശയിലല്ല. ഒരു പ്രതി മാത്രമല്ല ഇതിലുള്ളത്. ഒന്നിലധികം പേർ നവീൻ ബാബുവിന്റെ മരണത്തിൽ ഇടപെട്ടിട്ടുണ്ട്. കുറ്റക്കാരെല്ലാം കോടതിക്ക് മുന്നിലെത്തണം. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം കോടതി പ്രഖ്യാപിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അഡ്വ. അനിൽ പി നായർ പ്രതികരിച്ചു.
നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് മരണം കൊലപാതകമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കിയത്. കൊലപാതകമെന്ന് സംശയിക്കാനുള്ള തെളിവുകളോ, സാഹചര്യമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി, നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ വാദങ്ങളെ സമ്പൂർണ്ണമായും തള്ളിയാണ് സർക്കാർ സത്യവാങ്മൂലം. തൂങ്ങി മരിച്ചെന്നാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. മൃതശരീരത്തിൽ മറ്റ് മുറിവുകൾ കണ്ടെത്താനായില്ല. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഫൊറന്‌സിക് വിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടില്ല. പോലീസ് സംഭവസ്ഥലത്ത് എത്താൻ വൈകിയെന്ന കുടുംബത്തിന്റെ വാദം തെറ്റാണ് തുടങ്ങിയ വാദങ്ങളാണ് സർക്കാർ കോടതിയെ അറിയിച്ചത്.
ഒക്ടോബർ 15ന് കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപോർട്ടിലാണ് നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നുവെന്ന പരാമർശമുള്ളത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപോർട്ടിൽ രക്തക്കറയുടെ പരാമർശങ്ങളില്ല. എഫ്.ഐ.ആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല. ഈ വാദം തെറ്റാണെന്നാണ് ഇൻക്വസ്റ്റ് റിപോർട്ടിലൂടെ പുറത്ത് വന്നതെന്നാണ് നവീൻ ബാബുവിന്റെ കുടുംബം പറയുന്നത്. അതേപോലെ കേസിന്റെ ഓരോ ഘട്ടത്തിലും ഇരയ്ക്കു നീതി ലഭിക്കാതിരിക്കാനും പ്രതികൾക്കു രക്ഷപ്പെടാനും പഴുതുകൾ നൽകുംവിധത്തിലായിരുന്നു പോലീസ് ഇടപെടലെന്നും അക്കമിട്ട് കുടുംബം വ്യക്തമാക്കുന്നു. ഈമാസം 12-നാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുക. കേസിലെ ഏക പ്രതിയായ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യയിപ്പോൾ ജാമ്യത്തിലാണുളളത്.