തിരുവനന്തപുരം – മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസിന് വേണ്ടി ഒരു കോടിയിലധികം മുടക്കി വാങ്ങിയ ബസ് ആര്‍ക്കും വേണ്ടാതെ പൊടിപിടിച്ച് കിടക്കുന്നു. നവകേരള യാത്രയില്‍ ആധുനുക സൗകര്യങ്ങളോടെയുള്ള ഈ ബസായിരുന്നു പ്രധാന ഹൈലൈറ്റ്. നവകേരള സദസും കേരള പര്യടനവും കഴിഞ്ഞാല്‍ ഇത് ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ആവശ്യമുണ്ടെങ്കിലും ഉപയോഗിക്കാതെ കിടക്കുന്ന അവസ്ഥയിലാണ് ബസ്. തിരുവനന്തപുരം പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സിലാണ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇപ്പോള്‍ വെറുതെയിട്ടിരിക്കുന്നത്. വിനോദയാത്രകള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ മാറ്റം വരുത്തിയ ബസ്, ഒരു മാസം മുമ്പാണ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം തിരികെ എത്തിച്ചത്. മന്ത്രിമാര്‍ ഒന്നടങ്കം യാത്രചെയ്തതുവഴി ബസിന്റെ മൂല്യം ഇരട്ടിയാകുമെന്ന് ഇടതുനേതാക്കള്‍ അവകാശപ്പെട്ടെങ്കിലും ബസ് ഇപ്പോള്‍ ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണ്.
കെ എസ് ആര്‍ ടി സിയുടെ ടൂറിസം ആവശ്യങ്ങള്‍ക്കായി ബസ് ഉപയോഗിക്കാനായിരുന്നു നീക്കം. നവകേരള പര്യടനത്തിന് ശേഷം ബസ് അറ്റകുറ്റപ്പണിക്കായി ജനുവരിയില്‍ ബംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിയിലെത്തിക്കുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം തിരിച്ചെത്തിച്ചു.
ഇതിനിടെ ഗതാഗതമന്ത്രി മാറിയതോടെ ബസിന്റെ കാര്യത്തില്‍ താല്‍പര്യം ഗതാഗത വകുപ്പിന് താല്‍പര്യം കുറഞ്ഞ മട്ടാണ്. ടൂറിസ്റ്റുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തുന്നതിലെ പുരോഗതി വിലയിരുത്താന്‍ കെ എസ് ആര്‍ ടി സിയുടെ ഉദ്യോഗസ്ഥരെ അയക്കണമെന്ന് ബസ് നിര്‍മ്മിച്ച കമ്പനി ആവശ്യപ്പെട്ടെങ്കിലും ഉന്നതതലത്തിലെ അനിഷ്ടം കാരണം തടസ്സപ്പെട്ടു. മൂന്നുമാസത്തോളം ബസ് ബെംഗളൂരുവില്‍ അനാഥമായി കിടന്നു. ഇത് പരാതിക്ക് ഇടയാക്കിയതോടെയാണ് കെ എസ് ആര്‍.ടിസി ബസ് വീണ്ടും ഏറ്റെടുത്തത്.
അരലക്ഷംരൂപ വിലവരുന്ന സീറ്റാണ് മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ചിരുന്നത്. ഇത് നീക്കം ചെയ്തു. ഭാവിയിലെ വി.ഐ.പി. യാത്രയ്ക്കുവേണ്ടി സീറ്റ് സൂക്ഷിക്കും. മന്ത്രിമാര്‍ക്ക് യാത്രചെയ്യാന്‍ സജ്ജീകരിച്ച ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലായിരുന്നു. സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കി. അതേസമയം, ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്‌സും മാറ്റിയിട്ടില്ല. ഒന്നരലക്ഷം രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്.