തിരുവനന്തപുരം– കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ നിശ്ചലമായി കേരളം. കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നിർത്തിയതോടെ പൊതുഗതാഗതം പൂർണമായി സ്തംഭിച്ചു. പലയിടങ്ങളിലും ഓടിയ ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ സമരാനുകൂലികൾ മർദിച്ചതായി പരാതിയുയർന്നു.
ദേശീയ പണിമുടക്ക് ഏറ്റവും ശക്തമായി നടക്കുന്നത് കേരളത്തിലാണ്. ഹർത്താലിന് സമാനമായ രീതിയിലാണ് സംസ്ഥാനത്തെ പണിമുടക്ക്. പൊതുഗതാഗതം ഏതാണ്ട് പൂർണ്ണമായും സതംഭിച്ച നിലയിലാണ്. കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. സർവീസ് നടത്താൻ തയ്യാറായ കെഎസ്ആർടിസി ജീവനക്കാരെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും സമര അനുകൂലികൾ തടയുന്നുണ്ട്. ഇതോടെ പലയിടത്തും പൊതുജനങ്ങൾ പെരുവഴിയിലായി.
സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്. കടകൾ അടച്ചിട്ടതിനാൽ സ്വകാര്യ വാഹനങ്ങളുടെ സാന്നിധ്യവും റോഡിൽ കുറവാണ്. കൊച്ചി മെട്രോ സർവീസ് നടത്തുന്നുണ്ട്. സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾക്കും മുടക്കം വന്നിട്ടില്ല. പതിവ് യാത്രക്കാർ കുറവാണ് ട്രെയിനുകളിൽ. സുരക്ഷയുടെ ഭാഗമായി സ്വകാര്യ സ്‌കൂളുകൾക്ക് പലയിടത്തും അവധി നൽകിയിട്ടുണ്ട്. പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹാജർ നില കുറവാണ്.
അതേസമയം, ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കുന്ന ഇടതുമുന്നണി നയിക്കുന്ന സംസ്ഥാനസർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചു. കെഎസ്ഇബിയും കെഎസ്ആർടിസിയും ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർ ജോലിക്ക് ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോണായി കണക്കാക്കും. കാലിക്കറ്റ്, എംജി, കേരള, കുസാറ്റ്, സർവകലാശാലകൾ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാർ ബസ് തടഞ്ഞു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ സ്വന്തം മണ്ഡലമായ പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം സർവിസുകൾ തടഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂർ സ്റ്റാൻഡിന് പുറത്തുനിന്ന് ചില ബസുകൾ സർവീസ് നടത്തി.
കൊല്ലത്ത് സർവീസ് നടത്തുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സമരാനുകൂലികൾ മർദിച്ചതായി പരാതിയുയർന്നു. ബസിനുള്ളിൽ കയറി സമരക്കാർ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും കണ്ടക്‌ടർ ശ്രീകാന്ത് പറഞ്ഞു. പണിമുടക്ക് ദിവസം സർവീസ് നടത്തിയത് ചോദ്യംചെയ്തായിരുന്നു മർദനം.