തിരുവനന്തപുരം– സംസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടകൊലക്കേസിലെ പ്രതിയായ കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം. തൊണ്ണൂറ്റിമൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 15 ലക്ഷം രൂപ പിഴയും വിധിച്ചു. 65 ദിവസം നീണ്ട വാദത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. സംഭവം നടന്ന് എട്ടു വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
2017 ഏപ്രില്‍ അഞ്ച്, ആറ് തിയതികളിലാണ് കൊലപാതകം നടന്നത്. മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയുമടക്കം നാലുപേരെയാണ് തിരുവനന്തപുരത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെയിന്‍സ് കോമ്പൗണ്ട് 117ല്‍ ഡോ. ജീന്‍ പത്മ(58) ഭര്‍ത്താവ് റിട്ട. പ്രൊഫസര്‍ രാജ തങ്കം(60) മകള്‍ കരോലിന്‍ (26) ഡോ. ജീന്റെ ബന്ധു ലളിത എന്നിവരാണ് മരിച്ചത്. ജീന്‍ പത്മത്തിനെയും രാജ തങ്കത്തെയും കരോളിനെയും മഴുകൊണ്ട് കഴുത്തില്‍ വെട്ടിയാണ് കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ ബാത്‌റൂമിലിട്ട് കത്തിച്ചു. ശേഷം ഇവരെ അന്യേഷിച്ചു വന്ന ബന്ധു ലളിതയെ സമാന രൂപത്തില്‍ കൊലപ്പെടുത്തി മൃതദേഹം കിടപ്പറയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്
കൊലപാതകത്തിനു ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരികെ നാട്ടിലെത്തിയപ്പോ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നായിരുന്നു പിടിയിലായത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ആത്മാവ് പുറത്തിറക്കാനുള്ള പരീക്ഷണത്തിന്റെ ഭാഗമായി കൊലപാതകം നടത്തിയതാണെന്ന് പ്രതി ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ വിദേശത്തേക്കു പോയെങ്കിലും പരാജയപ്പെട്ടത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാതാപിതാക്കളോട് ഉണ്ടായ വിദ്വേഷമാണ് കൊലപാതകത്തിനു പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ദിലീപ് സത്യന്‍ വ്യക്തമാക്കി. കുറ്റം ചെയ്ത രീതിയും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച രീതിയും പരിശോധിക്കുമ്പോഴും പ്രതി മാനസിക പ്രശ്‌നമുള്ള ഒരാളായി തോന്നുന്നില്ലെന്നും ദിലീപ് സത്യന്‍ വ്യക്തമാക്കി.