തിരുവനന്തപുരം – രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പി വി അന്‍വര്‍ എം എല്‍ എയുടെ പരാമര്‍ശം രാഷ്ട്രീയ ഡി എന്‍ എയെക്കുറിച്ചാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. രാഷ്ട്രീയ പാരമ്പര്യമാണ് ഉദ്ദേശിച്ചതെന്നും ജൈവപരമായി കാണേണ്ടെന്നും എം വി ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി ഒരു സീറ്റ് പോലും നേടില്ല, മാത്രമല്ല ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ഇടതുമുന്നണി ഇത്തവണ പുതു ചരിത്രം രചിക്കും. 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെയാണ് എല്‍ ഡി എഫ് നേരിട്ടത്. മികച്ച ്രതെരഞ്ഞെടുപ്പ് പവര്ത്തനം കാഴ്ച വെയ്ക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞു. ഇടത് മുന്നണിക്ക് വന്‍ ജനപിന്തുണയാണ് ഉള്ളത്. പുതിയ ജനവിഭാഗങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാനായി. ഒരിക്കലും അനുകൂലിക്കാത്തവര് വരെ ഇടതുമുന്നണിയെ വിശ്വാസത്തിലെടുക്കുന്നുണ്ട്. ബി ജെ പിക്കെതിരായ നിലപാടിലാണ് എല്ലാവരുടേയും പ്രതീക്ഷ. ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനം കേരളമാകുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.