ആലപ്പുഴ – നരേന്ദ്രമോഡിക്ക് പ്രധാനമന്ത്രിയുടെ റേഞ്ച് ഇല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മോഡിക്ക് താഴെത്തട്ടിലുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ നിലവാരം മാത്രമാണെന്നും അദ്ദേഹം ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിനെ സംബന്ധിച്ച് പ്രധാനമന്ത്രി അവതരിപ്പിച്ചത് തെറ്റായ കാര്യമാണ്. ക്രെംബ്രാഞ്ച് കണ്ടെത്തിയതില്‍ നിന്ന് ഇ ഡിക്ക് ഒരിഞ്ച് മുന്നോട്ട് പോകാനായിട്ടില്ല ഈ വിഷയം പ്രധാനമന്ത്രി രാഷ്ട്രീയ വേട്ടയ്ക്ക് ഉപയോഗിക്കുന്നു.മാസപ്പടി കേസില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ല.
രണ്ട് കമ്പനികള്‍ തമ്മിലുള്ള കാര്യമാണത്. മുഖ്യമന്ത്രിയുടെ മകളെ ഇ ഡി ചോദ്യം ചെയ്‌തോട്ടെ. ഇത് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ ബാധിക്കില്ല. കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണം അശ്ലീല ആക്രമണമാണ്. വിജയം നേടാന്‍ സാധിക്കുമെന്ന തെറ്റായ പ്രതീക്ഷയിലാണ് ഇത്തരം ആക്രമണം. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് നടക്കുന്നത്.
ഇതിന് പിന്നില്‍ യു ഡി എഫ് ആണ്. കൃത്യമായ അന്വേഷണം വേണം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
അമ്പലപ്പുഴ പുന്നപ്രയില്‍ യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് തെരുവുനാടകം തടസ്സപ്പെടുത്തിയത് തെറ്റായ സമീപനമാണ്. ബി ജെ പിയുടെ വിമര്‍ശന ഭയം കൊണ്ടാണ് വയനാട്ടില്‍ കോണ്‍ഗ്രസ് മുസ്ലിംലീഗിന്റെ കൊടി വേണ്ടെന്ന് തീരുമാനിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലിംലീഗിന്റെ പതാകയാണ് ഉയര്‍ത്തിയതെന്ന് പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.
ലീഗിനെ തമസ്‌കരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഇവര്‍ക്ക് എങ്ങനെയാണ് ജനാധിപത്യം നിലനിര്‍ത്താനാകുകയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group