മൂവാറ്റുപുഴ: മൂവാറ്റുപുഴ ആള്‍ക്കൂട്ട കൊലപാതക കേസിലെ നാല് പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. കേസിൽ പ്രധാന പങ്കുണ്ടെന്ന് കരുതുന്നവരെയാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തത്.
കൊല്ലപ്പെട്ട അശോക് ദാസിന്റെ പെണ്‍സുഹൃത്ത് താമസിച്ചിരുന്ന വീടിന് സമീപത്തും ഇയാളെ കെട്ടിയിട്ട് മര്‍ദിച്ചെന്ന് കരുതുന്ന തൂണിന് സമീപവും ഇവരെ തെളിവെടുപ്പിന് എത്തിച്ചു.
നാട്ടുകാരായ വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ. പോൾ, അമൽ, അതുൽ കൃഷ്ണ, എമിൽ, സനൽ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇവർക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. സമീപത്തെ പെൺസുഹൃത്തിന്റെ വീട് സന്ദർശിച്ച ശേഷം ദേഹത്ത് രക്തകറയുമായി വന്ന ഇതരസംസ്ഥാന തൊഴിലാളിയെ കണ്ട് നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് പോലീസിനെ വിളിച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടിച്ചുനിര്‍ത്തി കെട്ടിയിടുകയായിരുന്നു.
ഉടന്‍ പോലീസ് സ്ഥലത്തെത്തി അശോക് ദാസിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് ഇയാള്‍ മര്‍ദ്ദനത്തിനിരയായെന്ന് ആരോപിച്ചു പെൺസുഹൃത്ത് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. വാളകത്തെ ഹോട്ടലില്‍ ജോലി ചെയ്തു വരുകയായിരുന്നു മരിച്ച അശോക് ദാസ്. നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.