തിരുവനന്തപുരം: ആർ.എസ്.എസ് ബന്ധമുളള എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ.എസ്.എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽ.ഡി.എഫ് സർക്കാരിൽ എ.ഡി.ജി.പി ആകാൻ പാടില്ല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ഒരു കാരണവശാലും ആർ.എസ്.എസ് ബന്ധം പാടില്ലെന്നും നിലപാടിൽ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം ഓർമിപ്പിച്ചു.
പി.വി അൻവർ ഇടതു മൂല്യങ്ങളുള്ള ആളല്ലെന്നു വിമർശിച്ച ബിനോയ് വിശ്വം സി.പി.എം പ്രവർത്തകരുടെ അൻവറിന് എതിരായ കൊലവിളി മുദ്രാവാക്യത്തെയും വിമർശിച്ചു. കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പിണറായി സർക്കാറിന്റെ പോലീസ് നയങ്ങളുൾപ്പെടെ തെറ്റായ പല ചെയ്തികളെയും തുറന്നെതിർത്ത് ജനപക്ഷത്തു നിന്ന് പ്രതീക്ഷ പകരുന്ന സമീപനമാണ് പലപ്പോഴും സി.പി.ഐ നേതൃത്വം പ്രകടിപ്പിച്ചിട്ടുള്ളത്. തൃശൂർ പൂരം കലക്കലിലും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് എ.ഡി.ജി.പിക്കെതിരെ സി.പി.ഐ വീണ്ടും നിലപാട് കടുപ്പിക്കുന്നത്.
അജിത് കുമാറിനെതിരെതിരായ പരാതിയിൽ പലതരം അന്വേഷണം നടക്കുന്നുണ്ട്. ഡി.ജി.പി തല അന്വേഷണത്തിന്റെ കാലാവധി ഒക്ടോബർ മൂന്നിന് തീരും. നാലു മുതലാണ് നിയമസഭാ സമ്മേളനം. അതിന് മുമ്പ് എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കണമെന്നാണ് സി.പി.ഐ മുന്നോട്ടു വെക്കുന്നത്. ലൈംഗികാരോപണത്തിൽ അറസ്റ്റിലായ കൊല്ലം എം.എൽ.എ എം മുകേഷിനെതിരായ ആവശ്യം മുഖ്യമന്ത്രി ചെവികൊള്ളാത്ത സാഹചര്യത്തിൽ നിലപാടിൽനിന്ന് സി.പി.ഐക്ക് പിന്നാക്കം പോകാനാവില്ലെന്നാണ് വ്യക്തമാവുന്നത്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ ഊഴമിട്ട് കണ്ടതിനെയും അതിനെ നിസ്സാരവത്കരിച്ച് ന്യായീകരിച്ച സ്പീക്കർ എ.എൻ ഷംസീർ അടക്കമുളളവരെയും യഥാസമയം ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ, സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച മുന്നണി കൺവീനർ എം.എം ഹസനും ബിനോയ് വിശ്വം കൃത്യമായ മറുപടി നൽകിയിരുന്നു.
എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ കരുത്തുറ്റ ഭാഗമാണ് സി.പി.ഐ. ആരെങ്കിലും മാടിവിളിച്ചാൽ പോകുന്നതല്ല സി.പി.ഐ നിലപാട്. ഇടതുപക്ഷത്തിന്റെ ശരികളെ ഉയർത്തിപ്പിടിക്കേണ്ട പാർട്ടിയാണ് സി.പി.ഐ. എം.എം ഹസൻ സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചത് രാഷ്ട്രീയം അറിയാത്തത് കൊണ്ടാണെന്നും ഇത് മനസിലാക്കണമെന്നും ബിനോയ് വിശ്വം ഓർമിപ്പിച്ചിരുന്നു.