മലപ്പുറം– യുവാക്കളെ ലക്ഷ്യമിട്ട് മുസ്‌ലിം യൂത്ത് ലീഗ് ‘ചിറക് യൂത്ത് ക്ലബ്’ എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കുന്നു. കല, കായികം, സാമൂഹിക, സാംസ്കാരിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ യുവാക്കളുടെ പ്രതിഭകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.
മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകൃതമായ ഈ സംഘടന, ജാതി, മത, രാഷ്ട്രീയ വേർതിരിവുകൾക്ക് അതീതമായി യുവാക്കൾക്ക് ഒരു പൊതുവേദി ഒരുക്കുന്നു. “ചിറക് യൂത്ത് ക്ലബ് യുവാക്കൾക്ക് മുസ്‌ലിം യൂത്ത് ലീഗ് നൽകുന്ന സമ്മാനമാണ്,” യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ പറഞ്ഞു.
ഫുട്ബാൾ താരം അനസ് എടതൊടിക ജില്ലാ തലത്തിൽ ചെയർമാനായി നേതൃത്വം നൽകുന്ന സമിതി ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഒളിമ്പ്യൻ കെ.ടി. ഇർഫാൻ ബ്രാൻഡ് അംബാസിഡറായും സൂഫി ഗായകൻ ശമീർ ബിൻസി, എ.ഐ. വിദഗ്ധൻ ഉമർ അബ്ദുസലാം തുടങ്ങിയ പ്രമുഖർ ക്ലബിന്റെ മുൻനിരയിലുമുണ്ട്.
കലാ-കായിക മേഖലകളിൽ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം, ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളും യുവജന കൂട്ടായ്മകളും ശക്തമാക്കും. കൂടുതൽ യുവാക്കളെ സജീവമാക്കുകയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. ക്ലബിന്റെ ഔദ്യോഗിക ലോഞ്ചിംഗ് സെപ്റ്റംബർ 23-ന് മലപ്പുറത്ത് നടക്കും.