മലപ്പുറം– സര്‍വ്വീസ് ബുക്ക് തിരുത്തി പെന്‍ഷന്‍ തരപ്പെടുത്താനുള്ള മുന്‍ ഉന്നത വിദ്യഭ്യാസ മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി ജലീലിന്റെ ശ്രമത്തിനെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി മുസ്ലിം യൂത്ത്‌ലീഗ്. ഭരണ സ്വാധീനമുപയോഗിച്ച് തനിക്ക് അനര്‍ഹമായി പെന്‍ഷന്‍ തരപ്പെടുത്താന്‍ ശ്രമിച്ചത് നിയമസഭാ സാമാജികന്‍ എന്ന നിലക്ക് സത്യപ്രതിജ്ഞ ലംഘനമാണെന്നും ജലീലിനെ എം.എല്‍.എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്നും കാണിച്ച് തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖാണ് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്.
അതോടപ്പം സര്‍വ്വീസ് ബുക്ക് തിരുത്താനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഉന്നത വിദ്യഭ്യാസ വകുപ്പ് സെക്രട്ടറിക്കും റസാഖ് പരാതി നല്‍കിയിട്ടുണ്ട്. 1994 നവംബര്‍ 16 മുതല്‍ 2006 മെയ് 31 വരെ കെ.ടി ജലീല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. എം.എല്‍.എയായതോടെ അധ്യാപനത്തില്‍ നിന്നും ലീവെടുത്ത ജലീല്‍ 2021-ല്‍ ഉന്നത വിദ്യഭ്യാസ മന്ത്രികൂടിയായതോടെ മാര്‍ച്ച് 12-ന് പി.എസ്.എം.ഒ കോളേജിലെ അധ്യപനത്തില്‍ നിന്നും രാജി നല്‍കിയിരുന്നു. ഇത് മാനേജര്‍ സ്വീകരിക്കുകയും തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. 2024 ഓഗസ്ത് 13-ന് പി.എഫിലെ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തീരുന്നു. എന്നാല്‍ അന്ന് നല്‍കിയ രാജി റിലീവാക്കണമെന്നാവശ്യപ്പെട്ട് 2024 നവംബര്‍ 14-ന് കോളേജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കി. സര്‍വ്വീസ് ബുക്കില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നറിയിച്ചതോടെ ഉന്നത വിദ്യഭ്യാസ വകുപ്പിലേക്ക് സര്‍വ്വീസ് ബുക്ക് കൈമാറിപ്പിക്കുകയായിരുന്നു.
ഇതനുസരിച്ച് കോഴിക്കോട് കോളേജ് വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലുള്ള സര്‍വ്വീസ് ബുക്ക് തിരുത്തുന്നതിനുള്ള നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ആദ്യഘട്ടത്തില്‍ തിരുത്താന്‍ തയ്യാറായില്ലെന്നും ജലീലിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുന്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കൂടിയായ ഇയാള്‍ക്ക് പെന്‍ഷന്‍ കൂടി ലഭിക്കുന്ന തരത്തില്‍ സര്‍വ്വീസ് ബുക്ക് തിരുത്താനുള്ള നടപടികള്‍ ആരംഭിച്ചതായാണ് അറിവ്. യു.എ റസാഖിന് വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയിലൂടെയാണ് ജലീലിന്റെ കള്ളക്കളി പുറത്തായത്. വിഷയം ഏറെ വിവാദമായെങ്കിലും കെ.ടി ജലീല്‍ ഇത് വരെയും പ്രതികരിച്ചിട്ടില്ല.
അതേസമയം, സര്‍വ്വീസ് ബുക്ക് തിരുത്താനുള്ള ശ്രമം ഗുരുതര അച്ചടക്കലംഘനവും നിയമവിരുദ്ധവുമാണെന്നും ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ. റസാഖ് പറഞ്ഞു. ജലീലിന്റെ സര്‍വീസ് ബുക്ക് കൃത്യമായ പരിശോധനക്ക് വിധേയമാക്കുകയും സര്‍വ്വീസ് ബുക്കില്‍ കൃത്രിമം കാണിക്കാന്‍ സഹായിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികളായവര്‍ പൊതുജനവിശ്വാസം നിലനിര്‍ത്തേണ്ടവരായിരിക്കെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നീതിനിഷേധത്തിന്റെ അടയാളമാണെന്നും റസാഖ് പറഞ്ഞു.