മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് മകന്‍ മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ തയ്യാറാക്കിയ ‘പ്രിയപ്പെട്ട ബാപ്പ’ ഇനി അറബിയിലേക്കും.
മതസഹിഷ്ണുതയുടെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും ഉജ്ജ്വലമായ മാതൃകയായി കേരളത്തിന്റെ മത-രാഷ്ട്രീയ-സാമൂഹിക രംഗത്ത് തിളങ്ങിനിന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഓര്‍മകളാല്‍ രേഖപ്പെടുത്തിയ പുസ്തകമാണ് പ്രിയപ്പെട്ട ബാപ്പ.
അന്നഹ്ദ അറബിക് മാഗസിന്‍ മാനേജിംങ് എഡിറ്ററും ചെര്‍പ്പുളശ്ശേരി ഡിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ. സൈനുല്‍ ആബിദീന്‍ പുത്തനഴിയാണ് ‘ബാബല്‍ ഹബീബ്’ എന്ന പേരില്‍ പുസ്തകം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്.
മാക്ബത് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
മലയാള പതിപ്പില്‍ നിന്ന് വ്യത്യസ്തമായി, മറ്റു അനുബന്ധങ്ങള്‍ക്കൊപ്പം, ശിഹാബ് തങ്ങള്‍ ഏറെ പഠിക്കുകയും വേരുകള്‍ തേടി യാത്ര നടത്തുകയും ചെയ്ത യമനിലെ തങ്ങള്‍ കുടുംബത്തിന്റെ വളരെ ബ്രഹത്തായ ചരിത്രം അറബി പതിപ്പില്‍ കൂടുതലായി ചേര്‍ത്തിട്ടുണ്ട്. പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ വേരുകള്‍ ഉറങ്ങുന്നത് യമനിലെ ഹദര്‍മൗത്തിലാണ്.
തങ്ങളുടെ വിയോത്തിന്റെ പത്താം ആണ്ടില്‍ ‘തങ്ങള്‍ വിളക്കണഞ്ഞ വര്‍ഷങ്ങള്‍’ എന്ന പേരില്‍’ മറ്റൊരു പുസ്തകവും വിവര്‍ത്തകന്‍ തങ്ങളെക്കുറിച്ച് തയ്യാറാക്കിയിരുന്നു. ശ്രീ നാരായണ ഗുരു ഓപണ്‍ യൂണിവേഴ്‌സിറ്റിക്കായി നിരവധി അറബിക് ടെക്സ്റ്റ് പുസ്തകങ്ങള്‍ തയ്യാറാക്കിയ വിവര്‍ത്തകന്‍ അനവധി ഗവേഷണ പ്രബന്ധങ്ങളും ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.