- മുനമ്പം വിഷയത്തിൽ പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞതാണ് ലീഗ് നിലപാട്. വർഗീയ ധ്രുവീകരണ സാധ്യതയുള്ള വിഷയത്തിൽ അനാവശ്യ വിവാദം വേണ്ടെന്നും കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: മുനമ്പം വിഷയത്തിൽ മുസ്‌ലിം ലീഗിലുണ്ടായ ഭിന്നസ്വരത്തിൽ നിലപാട് വ്യക്തമാക്കി പാർട്ടി അഖിലേന്ത്യാ ജനറൽസെക്രട്ടറിയും പ്രതിപക്ഷ ഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി.
മുനമ്പം വിഷയത്തിൽ വിവിധ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചശേഷം പാണക്കാട് സാദിഖലി തങ്ങൾ മാധ്യമങ്ങളോടൊരു കാര്യം പറഞ്ഞിരുന്നു. അതാണ് മുനമ്പം വിഷയത്തിലെ മുസ്‌ലിം ലീഗിന്റെ നിലപാടെന്ന് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പറയാനാകില്ലെന്നും പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം അദ്ദേഹത്തിന്റേതാണെന്നും ലീഗിന് അങ്ങനെയൊരു അഭിപ്രായം ഇല്ലെന്നും ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഒരു പൊതുയോഗത്തിൽ പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ച് ഡോ. എം.കെ മുനീർ എം.എൽ.എയും പ്രതികരിച്ചിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ലീഗ് പറഞ്ഞിട്ടില്ലെന്നും അവിടെയുള്ള പാവങ്ങളെ കുടിയിറക്കരുതെന്നാണ് പറഞ്ഞതെന്നും മുനീറും വ്യക്തമാക്കിയിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് നേതാക്കളുടെ പേര് പറയാതെ, മുനമ്പം വിഷയത്തിൽ പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞതാണ് പാർട്ടി നിലപാടെന്നും ആരും പാർട്ടിയാകാൻ നോക്കേണ്ടെന്നും പറഞ്ഞ് പരോക്ഷ കുഞ്ഞാലിക്കുട്ടി വിമർശം ഉയർത്തിയത്.
വിഷയത്തിൽ സാദിഖലി തങ്ങൾ പറഞ്ഞതാണ് ലീഗ് നിലപാട്. വർഗീയ ധ്രുവീകരണ സാധ്യതയുള്ള വിഷയത്തിൽ അനാവശ്യ വിവാദം വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഷയത്തെ സാമുദായിക സ്പർധ ഉണ്ടാക്കാൻ ബി.ജെ.പിയും ഇടതും ശ്രമിക്കുമ്പോൾ അതിൽ പോയി ആരും പാർട്ടിയാകേണ്ടെ. മുനമ്പം ചെറിയ വിഷയമായി ലീഗ് കരുതുന്നില്ല. റോമിലെത്തി സാദിഖലി തങ്ങൾ, പോപ്പിനെ കണ്ടതാണെന്നും ലീഗ് സ്വീകരിക്കുന്ന നിലപാട് ഇതിൽനിന്നും വ്യക്തമാണെന്നും കമ്മ്യൂണൽ വിഭജനമുണ്ടാക്കാനുള്ള നീക്കം തിരിച്ചറിയണമെന്നും പി കെ കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു.