- ഫാറൂഖ് കോളജിന് ഭൂമി കൈമാറിയത് തെറ്റായ നടപടിയെന്നും ബിഷപ്പ് അംബ്രോസ് പുത്തൻ വീട്ടിൽ
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തിരുവിതാംകൂർ മഹാരാജാവ് ഗുജറാത്തിൽനിന്നും വന്ന അബ്ദുൽസത്താർ മൂസ ഹാജിക്ക് പാട്ടത്തിന് നല്കിയതാണെന്നും കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻ വീട്ടിൽ. ഈ ഭൂമി ഫാറൂഖ് കോളജിനായി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്നും ബിഷപ്പ് പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.
1902-ലാണ് തിരുവിതാംകൂർ രാജാവ് 404 ഏക്കർ കരഭൂമിയും 60 ഏക്കർ കായലും ചേർന്ന പ്രദേശം ഗുജറാത്തിൽ നിന്ന് കൃഷി ആവശ്യത്തിനായി വന്ന അബ്ദുൽ സത്താർ മൂസ ഹാജിക്ക് പാട്ടത്തിന് നല്കിയത്. അക്കാലത്ത് ധാരാളം മത്സ്യത്തൊഴിലാളികൾ അവിടെ താമസിച്ചിരുന്നു.
1948-ൽ മൂസ ഹാജിയുടെ പിൻഗാമിയായ സിദ്ദീഖ് സേട്ട് ഇടപ്പള്ളി സബ് രജിസ്ട്രാര് ഓഫീസിൽ ഈ ഭൂമി രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത ഭൂമിയിൽ ഒരു നൂറ്റാണ്ടോളമായി മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. കടൽക്ഷോഭം കാരണം 404 ഏക്കർ നൂറോളം ഏക്കറായി കുറഞ്ഞു. ഭൂമി കൈവശം വയ്ക്കുന്നത് ബുദ്ധിയല്ലെന്ന് കരുതിയ സിദ്ദിഖ് സേട്ട് 1950 നവംബർ ഒന്നിന് ഭൂമി ഫാറൂഖ് കോളജ് മാനേജ്‌മെന്റിന് കൈമാറി. ഇത് തെറ്റായ നടപടിയാണ്.
ഫാറൂഖ് കോളേജ് സ്ഥാപകനായ ചാവക്കാട് സ്വദേശി മൗലവി അബ്ദുല്ല അഹമ്മദ് അലിയുമായി സിദ്ദിഖ് സേട്ട് അടുപ്പത്തിലായിരുന്നു. സമ്മാനം എന്ന നിലയിലായിരുന്നു ഭൂമി കൈമാറിയതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കോളജ് മാനേജ്‌മെന്റ് ഭൂമി ഉപയോഗിക്കരുതെന്ന വ്യവസ്ഥയിലാണ് അന്ന് രജിസ്റ്റർ ചെയ്തത്. സിദ്ദിഖ് സേട്ടിന് അതിന് അവകാശമില്ലായിരുന്നു എന്നതാണ് വസ്തുത. എല്ലാം നിയമ വിരുദ്ധമായിരുന്നു. അറിഞ്ഞോ അറിയാതെയോ ഗിഫ്റ്റ് ഡീഡില് ‘വഖഫ്’ എന്ന വാക്ക് ഉൾപ്പെടുകയായിരുന്നു. ഇതാണ് വലിയ പ്രശ്‌നമായി മാറിയത്.
ഭൂമി കൈമാറ്റം നടക്കുന്നതിന് മുമ്പു തന്നെ അന്നാട്ടിൽ താമസിച്ചിരുന്നവർക്ക് താലൂക്ക് ഓഫീസിൽനിന്നും ഒക്കുപെൻസി സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നതായും ബിഷപ്പ് പറഞ്ഞു. ഏതാനും വർഷങ്ങൾക്കുശേഷം ഫാറൂഖ് കോളജ് മാനേജ്‌മെന്റും നാട്ടുകാരും തമ്മിൽ ചില തർക്കങ്ങളുണ്ടായി. തുടർന്ന് വർഷങ്ങളോളം കേസ് തുടർന്നു. 1974-ൽ മുഴുവൻ ഭൂമിയും ഫാറൂഖ് കോളജിന്റേതാണെന്ന് കോടതി ഉത്തരവുണ്ടായി. തുടർന്ന് 1975-ൽ പ്രദേശവാസികൾ കുടിയാൻ സംഘമുണ്ടാക്കി പറവൂർ മുൻസിഫ് കോടതിയിൽ ഹരജി നല്കി. 12 വർഷത്തോളം ആ കേസ് തുടർന്നു.
1987-ൽ ഒത്തുതീർപ്പിന്റെ ഭാഗമായി, അന്നത്തെ നിവാസികൾ ഒരു നൂറ്റാണ്ടിലേറെയായി താമസിച്ചുവരുന്ന ഭൂമി ഫാറൂഖ് കോളജിന് വലിയ തുക നൽകി വാങ്ങുകയായിരുന്നു. സമീപ സ്ഥലങ്ങളിൽ സെന്റിന് 100 രൂപയിൽ താഴെ മാത്രം വിലയുണ്ടായിരുന്നപ്പോൾ സെന്റിന് 250 രൂപ വീതം നൽകിയാണ് പ്രദേശവാസികൾ അവർ താമസിച്ച സ്ഥലം വാങ്ങിയത്. 610 കുടുംബങ്ങളാണ് ഇങ്ങനെ സ്ഥലം വാങ്ങിയത്. കോളജ് സെക്രട്ടറിയായിരുന്ന ഹസ്സൻ കുട്ടി സാഹിബ് 1989നും 1993നും ഇടയിൽ 280 ഓളം ഭൂമി രേഖകളിൽ ഒപ്പുവച്ചിട്ടുണ്ട്.
വഖഫ് ബോർഡിനോട് ചോദിച്ചപ്പോൾ അവർ പറയുന്നത്, അദ്ദേഹത്തിന് അറിയാതെ ചെയ്തുപോയതായിരിക്കാം എന്നാണ്. ഭൂമി വഖഫ് അല്ലെന്നുള്ളതാണ് രൂപതയുടെ നിലപാട്. നിബന്ധനകളോടെ ഒരിക്കലും വഖഫ് കൊടുക്കില്ലെന്നും ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു.