കൊച്ചി- മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, എസ്.മനു എന്നിവരുടെ ഉത്തരവ്. കമ്മീഷന്റെ റിപ്പോര്‍ട്ടിനുമേല്‍ നടപടിയെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അപ്പീല്‍ ജൂണ്‍ 16ന് വീണ്ടും പരിഗണിക്കും.
വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നം വഖഫ് ട്രൈബൂലനിന് മാത്രമേ ഇടപെടാന്‍ സാധിക്കൂ എന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് കമ്മിഷന്‍ നിയമനം റദ്ദാക്കിയത്. വേണ്ടത്ര പഠനം നടത്താതെയും വസ്തുതകള്‍ പരിശോധിക്കാതെയുമാണ് കമ്മിഷനെ നിയമിച്ചതെന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.
കമ്മീഷനെ നിയമിച്ചത് ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദം. കമ്മിഷന് ജുഡീഷ്യല്‍ അധികാരങ്ങളില്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയില്‍ ബി.ജെ.പി മുനമ്പം കാരുടെ പ്രശ്‌നം വഖഫ് ഭേദഗതി ബില്‍ പാസാക്കിയതോടെ പരിഹരിച്ചിരിക്കുകയാണെന്ന് അവകാശപ്പെട്ട് സമരക്കാര്‍ക്കിടയില്‍ ചുവടുറപ്പിച്ചിരുന്നു.