- കണക്കു ചോദിക്കാൻ വിവരവും വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവരെന്ന് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ
മുനമ്പം: ഓർക്കേണ്ടത് ഓർത്ത് കണക്കു ചോദിക്കാൻ വിവരവും വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവരെന്ന് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. മുനമ്പം സമരവേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്നും വോട്ട് ചെയ്ത് പരിചയമുള്ള കക്ഷികൾക്ക് വോട്ട് ചെയ്യണമെന്ന് ഇക്കുറി കത്തോലിക്കാ സഭാ വിശ്വാസികൾ ആരും നിർബന്ധം പിടിക്കരുത്. മറിച്ച് ചെയ്യാൻ അറിയാമെന്ന് തെളിയിക്കണമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഓർമിപ്പിച്ചു.
മുനമ്പത്ത് താൽക്കാലിക പരിഹാരമല്ല, വഖഫ് നിയമ ഭേദഗതിയാണ് ആവശ്യമെന്ന് ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ
മുനമ്പം സമരത്തിലെ സഭാ നിലപാട് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പാലക്കാട് ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാൻ ഇടപെടുന്ന രാഷ്ട്രീയ നേതൃത്വത്തോട് അടുപ്പം കാണിക്കുമെന്നും മുനമ്പത്ത് താൽക്കാലിക പരിഹാരമല്ല, വഖഫ് നിയമ ഭേദഗതിയാണ് ആവശ്യമെന്നും ബിഷപ്പ് പീറ്റർ ആവശ്യപ്പെട്ടു.
സഹായിക്കുന്നവരെ തിരിച്ചു സഹായിക്കാൻ വിശ്വാസികൾ തയ്യാറാവും. ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് നൽകുന്ന പിന്തുണയല്ലെന്നും വിശ്വാസികൾ പ്രബുദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സഭാ നിലപാട് തങ്ങൾക്കു തെരഞ്ഞെടുപ്പിൽ തുണയാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. പ്രശ്‌നത്തെ ബി.ജെ.പി വർഗീയവത്കരിക്കാൻ ശ്രമിക്കുമ്പോൾ സമവായത്തിലൂടെ പ്രശ്‌നപരിഹാരത്തിനാണ് തങ്ങളുടെ ശ്രമമെന്നാണ് ഇടതു മുന്നണിയുടെയും യു.ഡി.എഫിന്റെയും അവകാശവാദം.