കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിനെതിരെ കോഴിക്കോട് പ്രതിഷേധ പോസ്റ്ററുകൾ. യൂത്ത് ലീഗ് ഓഫീസിന് മുന്നിൽ ബാഫഖി സ്റ്റഡി സർക്കിളിന്റെ പേരിലാണ് വിവിധ പോസ്റ്ററുകൾ പതിച്ചത്.
‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കുക, ബിനാമി താൽപര്യങ്ങൾ സംരക്ഷിക്കാൻ ഫത്‌വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികൾ പണ്ഡിതന്മാർ തിരിച്ചറിയുക, വഖഫ് സ്വത്ത് കട്ടെടുത്തവരെയും കൂട്ടുനിന്നവരെയും സമുദായം വെറുതെ വിടില്ല, ഞാനും അപ്പൻ തമ്പുരാനും സുഭദ്രയും പോലെ ലീഗിനൊരു തറവാട്ട് ട്രസ്റ്റില്ല. ഒറ്റക്കൊരാളും പടുത്തുയർത്തിയതല്ല, ഒറ്റുകാർ വഴിമാറുക, പുതുതലമുറ പാർട്ടിയെ നയിക്കട്ടെ! മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്‌ലിം ലീഗിനെ രക്ഷിക്കൂ’ എന്നിങ്ങനെയാണ് വിവിധ പോസ്റ്ററുകളിലെ മാറ്ററുകൾ.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമർശം ലീഗിനുള്ളിൽ വിമർശം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതേ തുടർന്ന് ഒരു പൊതുയോഗത്തിൽ പ്രതിപക്ഷ നേതാവിനെ തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി രംഗത്തുവന്നിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്നും, പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമായിരുന്നു കെ എം ഷാജി തുറന്നടിച്ചത്. ഇതിന് പിന്നാലെ കെ എം ഷാജിയെ തള്ളി ആരും പാർട്ടിയാകാൻ നോക്കേണ്ടെന്നും പാണക്കാട് സാദിഖലി തങ്ങൾ നേരത്തെ പ്രഖ്യാപിച്ചതാണ് പാർട്ടി നിലപാടെന്നും ലീഗ് ദേശീയ ജനറൽസെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.
സംഭവത്തിൽ, കെ.എം ഷാജി പറഞ്ഞത് വസ്തുതയാണെന്നും മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ലീഗ് പറഞ്ഞിട്ടില്ലെന്നും ഒരാളെയും കുടിയൊഴിപ്പിക്കരുതെന്നാണ് ലീഗ് നിലപാടെന്നും പാർട്ടിയുടെ മുതിർന്ന നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ എം.പിയും ഡോ. എം.കെ മുനീർ എം.എൽ.എയും പ്രതികരിക്കുകയുണ്ടായി. ഇതോടെ വിവാദം മറ്റൊരു തലത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക പ്രകടിപ്പിച്ച് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരസ്യ പ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.

തുടർന്ന്, മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അവിടെയുള്ള താമസക്കാരെ കുടിയൊഴിപ്പിക്കരുതെന്നാണ് ലീഗ് നിലപാടെന്നും പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിക്കുകയുണ്ടായി.
മുനമ്പം വഖഫാണോ അല്ലേ എന്നതിനെച്ചൊല്ലി സമൂഹത്തിൽ അനാവശ്യ വിവാദങ്ങളിലേക്കും തർക്കത്തിലേക്കും പോകേണ്ടതില്ല. ഇപ്പോൾ ഇതേക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ വെച്ചിരിക്കുകയാണ് സർക്കാർ. അതിനാൽ അനാവശ്യ വിവാദങ്ങളിൽ സമയം കളയേണ്ടെന്നും ഒരാളെയും കുടിയൊഴിപ്പിക്കാതെ സമൂഹത്തിൽ ഭിന്നതകളില്ലാതെ, പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ പ്രതികരണത്തിലേക്ക് ആരും പോകരുത്. വഖഫ് ഭൂമിയാണോ അല്ലയോ എന്നത് സംബന്ധിച്ച് സർക്കാർ ഒരു കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. അവരാണ് അതിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.