കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ ലത്തീൻ മെത്രാൻ സമിതിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളാണ് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തിയത്.
വാരാപ്പുഴ അതിരൂപതാ ആസ്ഥാനത്ത് നടന്ന ചർച്ചയിൽ മുനമ്പത്തെ ഭൂ സംരക്ഷണ സമര സമിതിയുടെ പ്രതിനിധികളും പങ്കാളികളായി. ലത്തീൻ സഭയുടെ എല്ലാ ബിഷപ്പുമാരും വാരാപ്പുഴയിലെ സഭാ ആസ്ഥാനത്തെത്തി.
ലീഗ് നേതാക്കൾ വന്ന് ചർച്ച ചെയ്തതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത് മാനുഷിക പ്രശ്‌നമാണ്. പരിഹരിക്കാനാകുമെന്ന പ്രതീക്ഷയാണ് ഞങ്ങൾക്കുള്ളതെന്നും അതിന് സർക്കാറിന്റെ നേതൃത്വത്തിലുള്ള ചർച്ചയ്ക്കായി കാത്തിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
പ്രശ്‌നം രമ്യമായി പരിഹരിക്കാൻ സാധിക്കുമെന്നും സർക്കാറുമായുള്ള ചർച്ചയിൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താമെന്നും ഇപ്പോൾ അനാവശ്യ ചോദ്യങ്ങളിലൂടെ രംഗം വഷളാക്കരുതെന്നും പ്രതീക്ഷയോടെയാണ് ഞങ്ങളെല്ലാം മുന്നോട്ടു പോകുന്നതെന്നും ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിനു ശേഷം 22-ന് മുനമ്പം വിഷയം ചർച്ചചെയ്യുന്നതിനുള്ള ഉന്നതതല യോഗം വിളിച്ചതായി സർക്കാർ അറിയിച്ചു. വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സർക്കാർ പ്രായോഗിക പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി രാജീവ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ ലീഗ് മുൻകയ്യെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നു. പാണക്കാട് സാദിഖലി തങ്ങൾ ബിഷപ്പുമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ഇടക്കുള്ള കൂടിക്കാഴ്ച.
മുനമ്പത്തെ താമസക്കാരെ കുടിയിറക്കരുതെന്ന നിലപാടാണ് എല്ലാ മുസ്‌ലിം സംഘടനകൾക്കുമുള്ളത്. മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയ ചേരിതിരിവിന് ഒരു കൂട്ടർ ശ്രമിക്കുകയാണെന്നും സർക്കാർ തീരുമാനം വൈകുന്നത് വലിയ വില നൽകാൻ ഇടയാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.