കോഴിക്കോട്: മുനമ്പം വിഷയത്തിൽ ഫാറൂഖ് കോളജ് മാനേജ്‌മെന്റ് നൽകിയ അപ്പീൽ പരിഗണിക്കുന്നത് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ഡിസംബർ ആറിലേക്ക് മാറ്റി. വഖഫ് രജിസ്റ്ററിൽ ഭൂമി ഉൾപ്പെടുത്തിയതിനെതിരെയാണ് ഫാറൂഖ് കോളജിന്റെ ഹരജി.
കേസിൽ ഫാറൂഖ് കോളജിന് ഭൂമി വിട്ടുനൽകിയ സിദ്ദിഖ് സേട്ടിന്റെ കുടുംബവും വഖഫ് സംരക്ഷണ സമിതിയും ഇന്ന് ട്രിബ്യൂണലിൽ ഹാജരായി കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി.
സിദ്ദിഖ് സേട്ടിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ സിറ്റിങ്ങിൽ ഹാജരായി. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് മുൻ ഭൂ ഉടമ സിദ്ദിഖ് സേട്ടിന്റെ കുടുംബം വ്യക്തമാക്കി. 1950-ൽ വഖഫായാണ് ഭൂമി നൽകിയതെന്നും കുടുംബം ട്രിബ്യൂണിലിനെ അറിയിച്ചു.
എന്നാൽ, മുനമ്പത്തേക്ക് വഖഫ് ഭൂമിയല്ലെന്നാണ് ഫാറൂഖ് കോളജ് മാനേജ്‌മെന്റിന്റെ വാദം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുള്ള വഖഫ് ബോർഡിന്റെ വിധി പിൻവലിക്കണമെന്നാണ് ഫാറൂഖ് കോളജ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. ഭൂമി ദാനമായി ലഭിച്ചതാണെന്നും വഖഫ് ബോർഡ് ഏറ്റെടുത്തത് ഏകപക്ഷീയമാണെന്നുമാണ് ഫാറൂഖ് കോളജ് മാനേജ്‌മെന്റ് അസോസിയേഷൻ ഉന്നയിക്കുന്നത്.
വഖഫ് ബോർഡ്, 2019-ൽ ഫാറൂഖ് കോളജ് മാനേജ്‌മെന്റ് വിൽപ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി വഖഫ് രജിസ്റ്ററിൽ ചേർത്തിരുന്നു. സബ് രജിസട്രാർ ഓഫീസിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് തീരുമാനങ്ങളും ചോദ്യംചെയ്താണ് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി വഖഫ് ട്രിബ്യൂണലിനെ സമീപിച്ചത്.
എന്നാൽ, ഫാറൂഖ് കോളജിനെ തള്ളി ഭൂമി വഖഫ് തന്നെയാണെന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ നിലപാട്. ഫാറൂഖ് കോളേജിനൊപ്പം മറ്റ് കക്ഷികളെ കൂടി കേട്ട ശേഷമാവും വഖഫ് ട്രിബ്യൂണൽ വിധി പ്രഖ്യാപിക്കുക. സർക്കാരും കേസിൽ കക്ഷി ചേരാനാണ് സാധ്യത.
അതിനിടെ ഇന്ന് കേസ് പരിഗണിച്ചപ്പോൾ വാർത്താ റിപോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ ജില്ലാ ജഡ്ജി കൂടിയായ ട്രിബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ വിലക്കി. കോടതി നടപടികൾ മാധ്യമങ്ങൾ റിപോർട്ട് ചെയ്യേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു വിലക്ക്.
അതേസമയം, മുനമ്പം വിഷയത്തിലെ കുറ്റക്കാർ ഫാറൂഖ് കോളജും ഭരണസമിതിയുമാണെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. പാവപ്പെട്ട ജനങ്ങളെ സർക്കാർ സംരക്ഷിക്കും. ഇതിന്റെ നിയമവശങ്ങൾ സർക്കാർ പരിശോധിക്കും. മുനമ്പത്തെ താമസക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്ന് ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഭൂമി തർക്കത്തിൽ ഡിജിറ്റൽ സർവേ അടക്കം പരിഗണിച്ച് സമവായ നിർദേശമാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെന്നാണ് വിവരം.