പി വി അന്‍വറിനെ പിന്തുണച്ചും പ്രവീണ്‍ കുമാറിനെതിരെ വിമര്‍ശനം ഉന്നയിച്ചും കാരാട്ട് റസാഖ് രംഗത്തെത്തി
കോഴിക്കോട്: ബേപ്പൂരിലെ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത്. ബേപ്പൂരില്‍ പരാജയപ്പെടുമെന്ന് താന്‍ ആദ്യം പറഞ്ഞിരുന്നുവെന്നും ബേപ്പൂരില്‍ പി വി അന്‍വര്‍ വേണ്ടിയിരുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ ബേപ്പൂരും കിട്ടുമായിരുന്നുവെന്നും മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.പേരാമ്പ്രയില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്ക് ഒരുക്കിയ സ്വീകരണ ചടങ്ങിലായിരുന്നു പ്രവീണ്‍ കുമാര്‍ ബേപ്പൂരിലെ സ്ഥാനാര്‍ത്ഥിത്വം പിഴച്ചെന്ന് പറഞ്ഞത്. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നുവെങ്കില്‍ ജില്ലയിലെ മുഴുവന്‍ സീറ്റിലും ജയിക്കാമായിരുന്നുവെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രവീണ്‍ കുമാറിനെതിരെ പി വി അന്‍വര്‍ രംഗത്തെത്തി. ചേര്‍ത്തുനിര്‍ത്തിയവര്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും ചതിച്ചെന്നുമായിരുന്നു അന്‍വര്‍ പറഞ്ഞത്. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു അന്‍വര്‍ ഉന്നയിച്ചത്. അതിനിടെ അന്‍വറിനെ പിന്തുണച്ചും പ്രവീണ്‍ കുമാറിനെതിരെ വിമര്‍ശനം ഉന്നയിച്ചും മുന്‍ ഇടത് എം എല്‍ എ കാരാട്ട് റസാഖ് രംഗത്തെത്തി. പി വി അന്‍വര്‍ ഉന്നയിച്ച കാര്യങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന് കാരണമായിട്ടുണ്ടെന്ന വസ്തുത കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്നതാണെന്നായിരുന്നു കാരാട്ട് റസാഖ് പറഞ്ഞത്. പ്രവീണ്‍ കുമാറിന്റെ പ്രസ്താവന അനവസരത്തിലായിപ്പോയെന്നും കാരാട്ട് റസാഖ് വിമര്‍ശിച്ചു.







