- വിധിനിർണയത്തിലും ട്രോഫി പങ്കുവെച്ചതിനെച്ചൊല്ലിയും തർക്കം
- ട്രോഫിയുടെ യഥാർത്ഥ അവകാശികൾ തങ്ങളെന്ന് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ
- ആരോപണത്തിൽ കഴമ്പില്ലെന്ന് സംഘാടകർ
(മുക്കം) കോഴിക്കോട്: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ച മുക്കം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ സമാപനം കൂട്ടത്തല്ലിൽ കലാശിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കുവെച്ചതിനെച്ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിലേക്കു നീങ്ങുകയായിരുന്നു. നീലേശ്വരം ഗവ. ഹയർ സക്കൻഡറി സ്‌കൂളും ആതിഥേയരായ കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്‌കൂളുമാണ് തുല്യ പോയിന്റുമായി ട്രോഫി പങ്കിട്ടത്.
തങ്ങളാണ് യഥാർത്ഥ ചാമ്പ്യന്മാരെന്നും ആതിഥേയർ സ്വാധീനിച്ചും കൃത്രിമം കാണിച്ചുമാണ് നേട്ടമുണ്ടാക്കിയതെന്നാണ് നീലേശ്വരം സ്‌കൂളിന്റെ ആരോപണം. പി ടി എമ്മുകാർ അനധികൃതമായി മത്സരാർത്ഥികളെ തിരുകിക്കയറ്റിയെന്നും വിധി നിർണ്ണയത്തിൽ കൃത്രിമത്വം കാണിച്ചും അനർഹമായാണ് ട്രോഫിക്ക് അവകാശവാദം ഉന്നയിച്ചതെന്നും നീലേശ്വരത്തുകാർ ആരോപിച്ചു.
നീലേശ്വരം സ്‌കൂൾ അധികൃതർ ട്രോഫി വാങ്ങാൻ വിസമ്മതിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. വിധി നിർണയം ചൂണ്ടിക്കാട്ടി തലേ ദിവസം തന്നെ നീലേശ്വരം സ്‌കൂൾ പരാതി ഉന്നയിച്ചിരുന്നു. തങ്ങൾക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ച ഇനത്തിൽ പൂർത്തിയാക്കാത്ത ഇനം അവതരിപ്പിച്ച പി.ടി.എം സ്‌കൂളിനും എ ഗ്രേഡ് അനുവദിച്ചതായി ഇവർ ആരോപിച്ചു. ഇതേച്ചൊല്ലിയുള്ള ഉന്തും തള്ളും ആദ്യ ഘട്ടത്തിലെ ഉണ്ടായെന്നും സമാപനത്തിൽ എത്തിയതോടെ കാര്യങ്ങൾ നിയന്ത്രണം വിടുകയാണുണ്ടായതെന്ന് ചില അധ്യാപകർ പറഞ്ഞു.
എന്നാൽ, ഈ ആരോപണങ്ങളൊന്നും വസ്തുതാപരമായി ശരിയല്ലെന്നും സത്യസന്ധമായ വിധിനിർണയത്തിന്റെ ബലത്തിൽ കുട്ടികൾ മത്സരിച്ചുതന്നെയാണ് ഇത്തവണയും മികവ് ആവർത്തിച്ചതെന്ന് പി.ടി.എം അധികൃതർ വ്യക്തമാക്കി. സംഭവിച്ചത് ദൗർഭാഗ്യകരമാണെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് മികച്ച നിലയിൽ സംഘടിപ്പിച്ച മേളയുടെ ശോഭ കെടുത്തുന്നത് ആരായാലും അംഗീകരിക്കാവതല്ലെന്നും പരാതികൾ അപ്പീൽ കമ്മിറ്റിയിലൂടെ പരിഹരിക്കുന്നതാണ് പതിവ് രീതിയെന്നും സംഘാടകർ വ്യക്തമാക്കുന്നു.
ആദ്യം വിദ്യാർത്ഥികൾ തമ്മിലും പിന്നീട് സംഘാടകരും അധ്യാപകരും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത പൊരിഞ്ഞ വാക്കേറ്റത്തിലും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാഗ്വാദം തീർക്കുന്നതിന് പകരം ചില അധ്യാപകർ കൂടി കക്ഷി ചേർന്നതോടെ കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു.
വളണ്ടിയർമാരും മറ്റും പ്രശ്‌നക്കാരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും രംഗം യഥാസമയം ശാന്തമാക്കാനായില്ല. സംഘർഷാന്തരീക്ഷം ഒഴിവാക്കാൻ ശ്രമിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂട്ടപ്പൊരിച്ചിലിനിടെ അടി കിട്ടി. ചില വിദ്യാർത്ഥികൾക്ക് രക്തം പൊടിഞ്ഞതായും വിവരമുണ്ട്.
അതിനിടെ, മുക്കം ഉപജില്ലയിൽ ഇതുവരെയും പി.ടി.എം കുത്തകയാക്കിയ പല ഇനങ്ങൾക്കും ഇത്തവണ വൻ വെല്ലുവിളിയാണുണ്ടായത്. മുക്കത്തെ ഒരു സ്‌കൂൾ ഈ ഇനങ്ങളിൽ പതിനായിരങ്ങൾ ഒഴുക്കി പ്രൊഫഷണലുകളെ ഇറക്കി പരിശീലനം നൽകിയതോടെ മിക്ക ഗ്രൂപ്പ് ഇനങ്ങൾക്കും ആതിഥേയർക്ക് പഴയ മേധാവിത്വം പുലർത്താനാകാതെ എ ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ട സ്ഥിതിയാണുണ്ടായത്. അതിനാൽതന്നെ മുൻവർഷങ്ങളെ അപേക്ഷിച്ച് പി.ടി.എമ്മിൽനിന്ന് ജില്ലാ തലത്തിലേക്ക് യോഗ്യത നേടിയവരുടെ എണ്ണത്തിൽ വൻ അന്തരമുണ്ടായിട്ടുണ്ട്. മുക്കത്തെ ഒരു സ്‌കൂൾ മാനേജ്‌മെന്റ് ഈ ഇനങ്ങളിലെല്ലാം വൻ തുക ചെലവഴിച്ച് ജില്ലാ തലത്തിലേക്ക് യോഗ്യത നേടിയത് പി.ടി.എമ്മിന് വലിയ വെല്ലുവിളിയായി മാറിയെന്നും പറയുന്നു. അതിനാൽ വരുംവർഷങ്ങളിൽ പണം ഒഴുക്കി ഇതോടും മത്സരിക്കുന്ന സ്ഥിതിയുണ്ടായേക്കും. ആതിഥേയർക്ക് എവറോളിംഗ് ട്രോഫി നിലനിർത്താനായെന്ന ആശ്വാസത്തിനിടയിലും ഉന്നത തലത്തിലേക്ക് യോഗ്യത നേടിയ ഇനങ്ങൾ കുറഞ്ഞതും, മേഖലയിൽ ഉയർന്ന പുതിയ ഭീഷണിയും അനാരോഗ്യകരമായ തലത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമോ എന്നും പലർക്കും സന്ദേഹമുണ്ട്.