മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും പാണക്കാട് കുടുംബത്തിന്റെ മേൽനോട്ടത്തിൽ രൂപീകൃതമായ ഖാസി ഫൗണ്ടേഷനുമെതിരേ രൂക്ഷ വിമർശവുമായി സമസ്ത നേതാവ് മുക്കം ഉമർ ഫൈസി രംഗത്ത്. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ സമസ്ത മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് കോൺഫറൻസ് പരിപാടിയിലാണ് സാദിഖലി തങ്ങളുടെ പേര് പറയാതെ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ അടക്കം ചോദ്യം ചെയ്തുള്ള അതിരൂക്ഷ വിമർശങ്ങളുണ്ടായത്.
മുസ്‌ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാർ ആയിരിക്കണമെന്നും എന്നാൽ ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താൽപര്യമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന സെക്രട്ടറിയായ ഉമർ ഫൈസി പറഞ്ഞു.
കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാളി ആവേണ്ടത്. എന്നാൽ, ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താൽപര്യം. വിവരമില്ലെങ്കിലും ഖാളി ആവണം എന്നാണ് ഇവരുടെ നിലപാട്. ഖാളി ആക്കാൻ കുറേ രാഷ്ട്രീയക്കാരും. യോഗ്യതയില്ലാത്ത പലരും ഖാസിമാരായിട്ടുണ്ട്. ഇതിനൊക്കെ ഇസ്‌ലാമിൽ ഒരു നിയമമുണ്ട്. അതിരു വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ വിവരം ഇല്ലാത്തവർ അധികമാവുമ്പോൾ അവരിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്. ഖാളി ഫൗണ്ടേഷന്റെ അർത്ഥം എന്താണെന്ന് ചോദിച്ച അദ്ദേഹം സഹകരിച്ച് പോകുന്നതാണ് എല്ലാവർക്കും നല്ലതെന്നും പറഞ്ഞു.
പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷനായ കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസ് വിഷയത്തിൽ സി.ഐ.സിയുടെ പുതിയ ജനറൽസെക്രട്ടറിയായി സമസ്ത പുറത്താക്കിയ പ്രഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ തെരഞ്ഞെടുത്തതിലുള്ള രോഷവും പേര് പറയാതെ ഉമർ ഫൈസി പ്രകടിപ്പിച്ചു.
സമസ്ത-സി.ഐ.സി പ്രശ്‌നത്തിലും എന്താണിവരുടെ നിലപാടുകൾ? സമസ്തയെ വെല്ലുവിളിച്ച് ആളുകൾ രംഗത്തുവരികയാണ്. സി.ഐ.സി വിഷയത്തിൽ സമസ്ത ഒരു നിലപാട് പറഞ്ഞു. അത് കേൾക്കാനും തയ്യാറല്ല. പണ്ട് അങ്ങനെയാണോ? സമസ്ത എന്തു പറയുന്നോ അത് കേൾക്കുമായിരുന്നു. ഇന്നതിന് തയ്യാറല്ലെന്നു മാത്രമല്ല, സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനാ രൂപങ്ങളുണ്ടാക്കുകയാണ്.
അതിനാൽ അവർ കരുതിയിരുന്നോളണം. നമ്മുടെ അടുത്ത് ആയുധങ്ങൾ ഉണ്ട് എന്ന്. ആയുധമുണ്ടെന്നു കരുതി നമ്മൾ ദുരുപയോഗം ചെയ്യില്ല. എങ്കിലും അവശ്യം വരുമ്പോൾ അന്ത്യ ഘട്ടത്തിൽ അത് പുറത്തെടുക്കുമെന്ന ഭയം നിങ്ങൾക്ക് ഉണ്ടാവുന്നത് നല്ലതാണ്.
അതിരുവിട്ടു പോകുന്നുണ്ട് നിങ്ങൾ. എല്ലാവരെയും വിളിച്ചുകൂട്ടി ഖാളി ഫൗണ്ടേഷൻ, എന്തിനാണിത്? ഇതിന്റെയൊന്നും അർത്ഥം ഞങ്ങൾക്ക് തിരിയില്ലെന്നാണോ നിങ്ങൾ വിചാരിച്ചത്? ഖാളിമാരെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഖാളി ഫൗണ്ടേഷൻ എന്നൊന്ന് നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? വിവരമില്ലാത്തവരെ ഖാസിയാക്കിയാൽ അവിടത്തെ ഖാസിയല്ലേ ആവുകയുള്ളുവെന്നും സമസ്ത മുശാവറ അംഗം കൂടിയായ ഉമർ ഫൈസി ചോദിച്ചു.