- മുസ്‌ലിം മനസ്സുകളിൽ ഉണ്ടെന്ന് നിങ്ങൾ കരുതുന്ന വർഗീയതയെ അങ്ങ് ഉണർത്തിക്കളയാം എന്നല്ലേ സുപ്രഭാതം, സിറാജ് പത്ര പരസ്യത്തിലൂടെ നിങ്ങൾ വിചാരിച്ചത്? വർഗീയതയുടെ മുളക് തേച്ച് ഈ സമുദായത്തെ ഉദ്ദീപിപ്പിക്കാം എന്ന വൃത്തികെട്ട ചിന്ത ഇനിയെങ്കിലും സി.പി.എം വെടിയണമെന്നും പ്രഭാഷകനും പണ്ഡിതനുമായ ഹനീഫ് കായക്കൊടി.
കോഴിക്കോട്: മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള സി.പി.എമ്മിന്റെ കണക്കുകൂട്ടൽ തിരുത്തണമെന്ന് മുജാഹിദ് നേതാവും കേരള ജംഇയ്യത്തുൽ ഉലമയുടെ അസി.സെക്രട്ടറിയുമായ ഹനീഫ് കായക്കൊടി. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് ഹനീഫ് കായക്കൊടിയുടെ വിമർശം.
ജമാഅത്തിന്റെ ലേബലിൽ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നത് ഈ സമുദായത്തെയാണ്. അത് സമുദായം തിരിച്ചറിഞ്ഞുവെന്ന് എത്ര നേരത്തെ സി.പി.എം മനസ്സിലാക്കുന്നുവോ അത്രയും നല്ലത്. വർഗീയതയുടെ മുളക് തേച്ച് ഈ സമുദായത്തെ ഉദ്ദീപിപ്പിക്കാം എന്ന വൃത്തികെട്ട ചിന്ത ഇനിയെങ്കിലും സി.പി.എം വെടിയണം. ഇത്, മാന്യമായ ഒരു ഇടതുപക്ഷം കേരളത്തിൽ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരാളുടെ അഭിപ്രായം മാത്രമാണെന്നും ഹനീഫ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
സി പി എം നേതാക്കളോടാണ്.
വടകര തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പറഞ്ഞതിന്റെ ബാക്കിയാണ്.
പാലക്കാട്ടും അപ്രതീക്ഷിതവും ദയനീയവുമായ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിനെ കുറിച്ചാണ്.
മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള നിങ്ങളുടെ കണക്കുകൂട്ടൽ തിരുത്തുക.
ഈ സമുദായം വർഗ്ഗീയവാദികളെ കൊണ്ട് നിറഞ്ഞതാണെന്ന വിശ്വാസം അവസാനിപ്പിക്കുക.
സിറാജിലെയും സുപ്രഭാതത്തിലെയും പരസ്യം കൊണ്ട് നിങ്ങൾ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് എന്തായിരുന്നുവെന്ന് നിങ്ങളെങ്കിലും ഒന്ന് ആലോചിച്ചു നോക്കുക. അങ്ങനെയൊരു പരസ്യം കണ്ടാൽ മുസ്‌ലിംകൾ വർഗ്ഗീയമായി ചിന്തിക്കുമെന്നും ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നുമായിരുന്നില്ലേ നിങ്ങൾ ധരിച്ചുവെച്ചത്?
മുസ്‌ലിം മനസ്സുകളിൽ ഉണ്ടെന്ന് നിങ്ങൾ കരുതുന്ന വർഗീയതയെ അങ്ങ് ഉണർത്തിക്കളയാം എന്നല്ലേ നിങ്ങൾ വിചാരിച്ചത്? സ്വന്തം പത്രത്തിൽ കൊടുക്കാൻ പറ്റില്ലെന്ന് നിങ്ങൾക്ക് തന്നെ ഉറപ്പുള്ളത്രയും വിഷം തുപ്പുന്ന ഒരു പരസ്യം സമുദായത്തെ ഒറ്റാൻ ഇറങ്ങിയ രണ്ട് പത്രങ്ങളിൽ കൊടുത്തത് നന്മ ഉദ്ദേശിച്ചാണെന്ന് നെഞ്ചിൽ കൈ വെച്ച് പറയാൻ നിങ്ങൾക്കാകുമോ?
ആ കണക്കുകൂട്ടൽ ഇനിയെങ്കിലും നിർത്തുക.
വർഗ്ഗീയതയുടെ കാരറ്റ് മുന്നിൽ തൂക്കി ഈ സമുദായത്തെ പ്രകോപിപ്പിച്ച് കുഴിയിൽ ചാടിക്കാമെന്ന ധാരണ തിരുത്തുക.
മറ്റൊന്ന് മുഖ്യമന്ത്രി മുതൽ താഴോട്ട് ഏറ്റവും ഒടുവിൽ പാർട്ടിയുടെ ഇഷ്ടക്കാരനായി മാറിയ ഡോ. സരിൻ വരെ നാഴികക്ക് നാല്പതു വട്ടം വിളിച്ചു പറയുന്ന ജമാഅത്തെ ഇസ്‌ലാമി-യു ഡി എഫ് ബാന്ധവമുണ്ടല്ലോ. ഈ വിടുവായത്തം ഇനിയെങ്കിലും നിർത്തുക. ജമാഅത്ത് അതിന്റെ മതരാഷ്ട്ര വാദം ഇതിനേക്കാൾ ശക്തമായി പ്രചരിപ്പിച്ചിരുന്ന കാലത്ത് ഇരുകയ്യും നീട്ടി അവരെ സ്വീകരിക്കുകയും കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഭൂമികയിൽ അവർക്ക് ഇടം നൽകുകയും ചെയ്തത് ആരാണെന്ന് എല്ലാവർക്കും അറിയാം.
അത്തരം ശക്തികളെ തരാതരം കൂട്ടുപിടിക്കുകയും പ്രീണിപ്പിച്ച് ഒപ്പം നിർത്തുകയും ചെയ്തവർ ഇപ്പോൾ നടത്തുന്ന ഈ വാചകക്കസർത്തുകൾ കിട്ടാത്ത മുന്തിരി പുളിക്കുമെന്ന കുറുക്കന്റെ ന്യായമാണെന്നും പഴുത്തോ പുഴുത്തോ വീഴുന്ന ഒരു കുല മുന്തിരി കിട്ടുന്നതോടെ ആ വിലാപം അവസാനിക്കുമെന്നതിനും കേരള ചരിത്രം സാക്ഷി.
രണ്ടാമത്തെ കാര്യം ജമാഅത്തെ ഇസ്‌ലാമിക്ക് കേരളത്തിലെ മുസ്‌ലിം സമൂഹത്തിൽ എത്രമാത്രം സ്വാധീനമുണ്ടെന്ന് അറിയാത്തവരാണ് ഇടത് പക്ഷം എന്ന് ആരും കരുതുന്നില്ല. എന്നിട്ടും എന്ത് കൊണ്ടാണ് പുട്ടിന് തേങ്ങയിടുന്നത് പോലെ പിണറായിയും ഗോവിന്ദൻ മാഷുമടക്കം എല്ലാ സംസാരങ്ങളിലും ജമാഅത്തിന്റെ പേര് എടുത്ത് പറയുന്നു എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളൂ.
ജമാഅത്തിന്റെ ലേബലിൽ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നത് ഈ സമുദായത്തെയാണ്. അത് സമുദായം തിരിച്ചറിഞ്ഞുവെന്ന് എത്ര വേഗം മനസ്സിലാക്കുന്നുവോ അത്രയും പാർട്ടിക്ക് നല്ലത്.
സി പി എം, ജമാഅത്തിനെ നെഞ്ചോട് ചേർത്ത് പിടിച്ച കാലത്ത്, സീതാറാം യെച്ചൂരിയുടെ പുസ്തകത്തിലെ ജമാഅത്ത് വിമർശനങ്ങൾ ഉദ്ധരിച്ച് സി പി എം നിലപാടിലെ ഇരട്ടത്താപ്പിനെ എതിർത്തവരാണ് സമുദായത്തിലെ പണ്ഡിതന്മാരും നേതാക്കളും. ജമാഅത്ത് തൂലികകളിൽ നിന്ന് ഇപ്പോൾ അനർഗളം നിർഗ്ഗമിക്കുന്ന മാർക്‌സിസത്തിനെതിരെയുള്ള താത്വിക വിമർശനത്തെയും ഒപ്പം കൂട്ടാത്തതിന്റെ കെറു ആയിട്ടേ കാണേണ്ടതുള്ളൂ.
അതിനാൽ വിനയപൂർവം ഒന്നുകൂടി പറയുന്നു; വർഗീയതയുടെ മുളക് തേച്ച് ഈ സമുദായത്തെ ഉദ്ദീപിപ്പിക്കാം എന്ന വൃത്തികെട്ട ചിന്ത ഇനിയെങ്കിലും വെടിയുക. ഇത്, മാന്യമായ ഒരു ഇടതുപക്ഷം കേരളത്തിൽ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഒരാളുടെ അഭിപ്രായം മാത്രമാണ്.