കോഴിക്കോട്– കൂടരഞ്ഞി ഇരട്ട കൊലപാതക വെളിപ്പെടുത്തലിന്റെ ഭാഗമായി കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി. പ്രതിയായ വേങ്ങര സ്വദേശി മുഹമ്മദാലിയോട് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരുവമ്പാടി പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്.
1986, 1989 വർഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ. കൂടരഞ്ഞി തൈപറമ്പിൽ പൈലിയുടെ മകനായ ആൻ്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14-ാം വയസ്സിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസിൽ മുഹമ്മദലി നൽകിയ ഒരു മൊഴി.
1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. ഡിസംബർ അഞ്ചിലെ പത്രത്തിൽ കൂടരഞ്ഞി മിഷൻ ആശുപത്രിക്ക് പിറകിലെ വയലിലെ തട്ടിൽ 20 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നൽകിയിട്ടുണ്ട്
ഇരട്ട കൊലപാതക വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണത്തിൽ പുതിയ ചലനം വന്നിരിക്കുകയാണ്. കുറ്റവാളിയുടെ മൊഴികൾ ക്രോസ്ചെക്ക് ചെയ്യുകയും, മരിച്ചവരുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.