തൃശൂർ – ഇരിങ്ങാലക്കുട മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടിൽ പ്രഭാകരൻ്റെ മകൻ സന്തോഷ് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിൻ്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് നടക്കുന്നതിനിടെയാണ് മൂർക്കനാട് ആലുംപറമ്പിൽ വച്ച് സംഘർഷം നടന്നത്. മുൻപ് നടന്ന ഫുട്ട്ബോൾ ടൂർണമെൻ്റിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണെന്ന് പോലിസ് പറഞ്ഞു. സംഘം ചേർന്ന് ചേരിതിരിഞ്ഞ് നടന്ന സംഘർഷത്തിൽ ആറോളം പേർക്ക് കുത്തേറ്റിരുന്നു. ഇതിൽ വെളുത്തൂർ സ്വദേശി അക്ഷയ് (21) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നാല് പേർ ഇപ്പോഴും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുതര പരിക്കേറ്റ സന്തോഷ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇയാളുടെ ആന്തരിക അവയവങ്ങൾക്ക് കത്തി കുത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതികൾ ഇനിയും പിടിയിലായിട്ടില്ല. പോലീസ് ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
രണ്ടുമാസം മുമ്പ് മൂർക്കനാട് നടന്ന ഫുട്ബോൾ ടൂർണമെന്റിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറഞ്ഞു.വെള്ളാങ്കല്ലൂർ വടക്കുംകര സ്വദേശി കുന്നത്താൻ വീട്,മെജോ (32), കരുവന്നൂർ ചെറിയപാലം സ്വദേശി പൂക്കോട്ടിൽ വീട്ടിൽ അതുൽ കൃഷ്ണ എന്ന അപ്പു( 23), അമ്മാടം പാർപ്പക്കടവ് സ്വദേശി പുത്തൻപുരയ്ക്കൽ അക്ഷയ് (21), കാറളം സ്വദേശികളായ പാടേക്കാരൻ ഫാസിൽ (23), ജിഷ്ണു എന്ന വാവ (26) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്.