- സി.പി.ഐ യുവജന നേതാവിന്റെ പരാതിയിലാണ് കേസ്. പ്രതികൾ സ്വന്തം അക്കൗണ്ടിലൂടെയും പണം തട്ടിയതായി സ്ഥിരീകരണം
കായംകുളം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചിലെ തുക തട്ടിയെടുത്തെന്ന പരാതിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് നേതാക്കളുടെ പരാതിയിൽ സി.പി.എം കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് അമൽ രാജ് എന്നിവർക്കെതിരെയാണ് കായംകുളം പോലീസ് കേസെടുത്തത്. 120000 രൂപ തട്ടിയെടുത്തെന്നാണ് കേസ്.
സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ചേർന്നായിരുന്നു ദുരന്തബാധിതരെ സഹായിക്കാൻ ബിരിയാണി ചലഞ്ച് നടത്തിയത്. ബിരിയാണി ചലഞ്ച് കൂടാതെ വ്യാപകമായി സംഭാവനയും പിരിച്ചെങ്കിലും ഇതൊന്നും സർക്കാരിന് കൈമാറിയില്ലെന്ന് കണ്ടെത്തിയതോടെ എ.ഐ.വൈ.എഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാം ലാൽ പരാതി നല്കുകയായിരുന്നു.
തണൽ ജനകീയ കൂട്ടായ്മ എന്ന പേരിൽ കഴിഞ്ഞ സെപ്തംബർ ഒന്നിന് നടത്തിയ ബിരിയാണി ചലഞ്ചിൽ പ്രതികളുടെ അക്കൗണ്ടിലേക്കും പണം ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസെടുത്തതെന്ന് കായംകുളം പോലീസ് പറഞ്ഞു.