കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകനും പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർത്ഥിയുമായ സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് പേരൂർ ഭാഗത്തെ മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ കണ്ടെത്തിയത്.
സുഹൈലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതായത്. ഏറ്റുമാനൂരിൽ ഇറങ്ങേണ്ട സുഹൈൽ, കോളജ് ബസ്സിൽ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് സുഹൈലിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസ്സപ്പെട്ടിരുന്നു.
സുഹൈൽ ആറിന്റെ തീരത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ നേരത്തെ പോലീസിന് കിട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്താനായത്. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
സി.സി.ടി.വി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബോഡി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പ്രതികരിച്ചു.