തൃശൂർ: തൃശൂർ ആളൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ സെന്റർ ഉടമയായ അധ്യാപകൻ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരത് (28) ആണ് അറസ്റ്റിലായത്.
ട്യൂഷൻ സ്ഥാപനത്തിൽ വന്നുള്ള പരിചയത്തിൽ ഇയാൾ പെൺകുട്ടിയുമായി ഇസ്റ്റഗ്രാം, വാട്സ്ആപ് വഴി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സ്ഥാപനത്തിൽ വച്ച് ഇയാൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങളെടുത്തിരുന്നു. ശേഷം ഇത് കാണിച്ച് സ്വാധീനിക്കാനായിരുന്നു ശ്രമം. പലതവണ ശാരീരികമായി ഉപദ്രവിച്ച ഇയാൾ നഗ്ന ഫോട്ടോകൾ എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചതായും പരാതിയുണ്ട്. മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി അമ്മയ്ക്കൊപ്പം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി സുരേഷിനെ സമീപിക്കുകയായിരുന്നു.
പരാതിക്കു പിന്നാലെ പോലീസ് മഫ്തിയിൽ രഹസ്യമായി പ്രതിയുടെ സ്ഥാപനത്തിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. പ്രതിയുടെ ഫോണും ലാപ്ടോപ്പും വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു. കൊടകര, ആളൂർ, കൊമ്പിടിഞ്ഞാമാക്കൽ പ്രദേശങ്ങളിലെ മൂന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയാണ് പ്രതി.