തിരുവനന്തപുരം: എൻ.സി.പിയിലെ എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ പകരം മന്ത്രിയാക്കുന്നതിൽ തീരുമാനം ഉടനില്ല. തന്നെ സന്ദർശിച്ച എൻ.സി.പി നേതാക്കളോട് കാത്തിരിക്കാൻ നിർദേശിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതോടെ എ.കെ ശശീന്ദ്രൻ മന്ത്രിയായി തുടരും. മന്ത്രിമാറ്റം സംബന്ധിച്ച കാര്യങ്ങൾ നിയമസഭാ സമ്മേളനത്തിന് ശേഷം പിന്നീട് ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി എൻ.സി.പി നേതാക്കളെ അറിയിച്ചതെന്നാണ് വിവരം.
എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് എൻ.സി.പി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ നേരത്തെ അറിയിച്ചിരുന്നു. ദേശീയ അധ്യക്ഷൻ ശരത് പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത സ്ഥിതി പാർട്ടിയിൽ കടുത്ത അപസ്വരങ്ങൾക്ക് ഇടയാക്കിയിരുന്നു.
പാർട്ടി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള ചില നേതാക്കൾ മന്ത്രി മാറ്റത്തിനായി സജീവ കരുക്കൾ നീക്കിയെങ്കിലും പാർട്ടി സംസ്ഥാന കൗൺസിലിൽ എ.കെ ശശീന്ദ്രന് അനുകൂലമായിരുന്നു വികാരമെന്നും റിപോർട്ടുണ്ടായിരുന്നു. അതിനിടെ, എല്ലാവരുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ തോമസ് കെ തോമസിന് അനുകൂലമായി ദേശീയ നേതൃത്വത്തിൽനിന്നും തീരുമാനമായപ്പോഴാണ് സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിയെ പോയി നേരിൽ കണ്ട് കാര്യങ്ങൾ അറിയിച്ചത്. അപ്പോഴാണ് നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിന്നീട് തീരുമാനിക്കാമെന്നു പറഞ്ഞ് തിരിച്ചയച്ചത്.