തിരുവനന്തപുരം: സ്‌കൂൾ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാൻ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരിൽ ചിലർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്ന് നടിയുടെ പേര് വെളിപ്പെടുത്താതെ മന്ത്രി സമൂഹമാധ്യമത്തിൽ വിമർശിച്ചു.
സ്‌കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് നൃത്തത്തിൽ വിജയിച്ചതുകാരണമാണ് ഇവർ സിനിമയിലെത്തുന്നത്. ഇത്തരക്കാർ പിൻതലമുറയിലുള്ള കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളോടാണ് നടി ഈ അഹങ്കാരം കാണിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനുവേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ, അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്ക്ക് എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്. ഇത്രയും വലിയ തുക നല്കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കും. അഞ്ചുലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനം. ഓണാഘോഷത്തിന് ഫഹദ് ഫാസിൽ വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, മന്ത്രിയുടെ നടിക്കെതിരായ വിമർശത്തോട് സമിശ്ര പ്രതികരണമാണുള്ളത്. ഒരാൾ തന്റെ പ്രൊഫഷനിൽ പ്രതിഫലം ചോദിക്കുന്നത് തെറ്റല്ലെന്നും സ്‌കൂൾ കലോത്സവത്തിലൂടെ വളർന്നുവെന്ന് കരുതി തൊഴിൽ പൂർണമായും സൗജന്യമായി നിർവഹിക്കണമെന്ന് വാശി പിടിക്കുന്നത് ശരിയല്ലെന്നും ഇവർ ഓർമിപ്പിക്കുന്നു.
സർക്കാർ പല പേരിൽ കോടിക്കണക്കിന് രൂപ ധൂർത്തടിക്കുമ്പോഴാണ് മന്ത്രിയുടെ ഈ ഗിരിപ്രഭാഷണമെന്നും ഇവർ വ്യക്തമാക്കുന്നു. പിന്നെ ഏതൊരു പരിപാടിയും എത്ര രൂപയ്ക്ക് പോകണം, സൗജന്യമായി നൽകണം എന്നതെല്ലാം ആ കലാകാരന്റെ സൗകര്യവും ഇഷ്ടവുമാണ്. എന്തായാലും കേരളത്തിന്റെ ജനാധിപത്യ ശ്രീകോവിലായ നിയമസഭാ മന്ദിരം അടിച്ചുതകർത്ത് ഗുണ്ടായിസം കാണിച്ച വിദ്യാഭ്യാസ മന്ത്രി വരും തലമുറയ്ക്ക് മാതൃകകളാവുന്നതിനെ കുറിച്ച് പറഞ്ഞ് സ്വയം പരിഹാസ്യനാവരുതെന്നും പലരും സമൂഹമാധ്യമങ്ങളിൽ ഓർമിപ്പിച്ചു. നടിയുടെ പേര് പറഞ്ഞില്ലെങ്കിലും മന്ത്രിയുടെ വിമർശത്തിന് വിധേയയായ നടി ഇതുവരെയും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.