പത്തനംതിട്ട. എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടേണ്ട സമയത്ത് മറുപടി പറയുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെ വേട്ടയാടാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടായെന്നും അദ്ദേഹം മിണ്ടാതിരിക്കുകയല്ലെന്നും മന്ത്രി ആറൻമുളയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാൻ കാരണം കേരളത്തിലെ ബി.ജെ.പി നേതാക്കന്മാരുടെ കുത്തിതിരുപ്പാണെന്നും മന്ത്രി വിമർശിച്ചു. ഇതോടൊപ്പം ഇടത് സർക്കാരിനോട് അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങൾ വ്യാജ വാർത്ത നല്‍കുകയാണെന്നും മന്തി ആരോപിച്ചു.
മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്. കേരള സർക്കാർ ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പോസിറ്റീവായാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല. മറിച്ച് അവകാശമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.