തിരുവനന്തപുരം– വിഴിഞ്ഞം തുറമുഖത്തിന്റെ ഉല്‍ഘാടന വേളയില്‍ വേദിയിലിരുന്ന് ഒറ്റക്ക് മുദ്രാവാക്യം വിളിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വേദിയിലിരിക്കുന്ന രാജീവിനെ മാധ്യമങ്ങള്‍ക്ക് ചൂണ്ടി കാണിച്ചായിരുന്നു മന്ത്രിയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ വേദിയിലിരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനെയാണ് മന്ത്രി വിമര്‍ശിച്ചത്.
ധനമന്ത്രി സദസ്സിലിരിക്കെയാണ് രാജീവ് ചന്ദ്രശേഖരനെ വേദിയിലിരുത്തിയത്. ‘എല്ലാ മന്ത്രിമാരെയും വേദിയിലിരുത്താന്‍ സാധിക്കുകയില്ല. എന്നാല്‍ ധനമന്ത്രിയെ സദസ്സിലിരുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് ഇടപെട്ട് വേദിയിലിരുത്തുന്നതൊക്കെ ജനാധിപത്യ വിരുദ്ധമല്ലേ, അദ്ദേഹമാണെങ്കില്‍ വേദിയില്‍ മറ്റുള്ളവരേക്കാള്‍ എത്രയോ നേരത്തെ വന്ന് ഒറ്റക്ക് മുദ്രാവാക്യം വിളിക്കുകയാണ്. ഒരു സര്‍ക്കാര്‍ പരിപാടിയിലാണ് അദ്ദേഹം ഈ അല്‍പ്പത്തരം കാണിക്കുന്നത്. ഇതൊന്നും മലയാളി പൊറുക്കുകയില്ല’ മന്ത്രി റിയാസ് പറഞ്ഞു.