കണ്ണൂർ– റിപ്പബ്ലിക് ദിനാഘോഷത്തിനിടെ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
രാവിലെ എട്ടരയോടെ തന്നെ പരിപാടിക്കെത്തിയ മന്ത്രി, സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന പോലീസുകാരും ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെയുള്ള കടുത്ത വെയിൽ ഏറ്റതാകാം തളർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണ്.



